
ഭർത്താവ് അറസ്റ്റിൽ, പിന്നിൽ കുടുംബപ്രശ്നം
കോട്ടയം : അദ്ധ്യാപികയായ ഭാര്യയെ സ്കൂളിൽ കയറി കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടയാൾ പിടിയിൽ. പേരൂർ പൂവത്തുംമുട് ഗവ. എൽ.പി സ്‌കൂളിലെ അദ്ധ്യാപിക പാറമ്പുഴ മോസ്‌കോ കവലയ്ക്ക് സമീപം മുരിങ്ങയിൽ ഡോണിയ ഡെന്നീസിന് (37) ആണ് വെട്ടേറ്റത്. ഭർത്താവ് എം.കൊച്ചുമോനെ (സന്തോഷ്, 42) ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. രാവിലെ 9. 30 ന് ഡോണിയയ്ക്ക് പുസ്തകം കൊടുക്കാനെന്ന് പറഞ്ഞ് കൊച്ചുമോൻ സ്‌കൂളിൽ വന്നെങ്കിലും ഡോണിയ എത്തിയിരുന്നില്ല. 10.45ന് വീണ്ടും പുസ്തകവുമായി എത്തിയ കൊച്ചുമോൻ ക്ളാസിലായിരുന്ന ഡോണിയയെ ഓഫീസ് റൂമിലേക്ക് വിളിച്ചു വരുത്തി. സംസാരത്തിനിടയിൽ പ്രകോപിതനായ കൊച്ചുമോൻ പുസ്തകത്തിലൊളിപ്പിച്ച കറിക്കത്തിയ്ക്ക് ഡോണിയയുടെ കഴുത്തിൽ വരയുകയായിരുന്നു. കരച്ചിൽ കേട്ട് സഹപ്രവർത്തകർ എത്തിയപ്പോൾ കൊച്ചുമോൻ ഡോണിയയുടെ വാ പൊത്തിപ്പിടിച്ച ശേഷം രക്ഷപ്പെട്ടു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോണിയയുടെ പരിക്ക് ഗുരുതരമല്ല. പാമ്പാടിയിൽ നിന്നാണ് കൊച്ചുമോനെ വൈകിട്ടോടെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പരാതി നൽകിയതിലുള്ള വൈരാഗ്യം
കുടുംബപ്രശ്നത്തെ തുടർന്ന് മർദ്ദനം പതിവായതോടെ കൊച്ചുമോനെതിരെ ഡോണിയ മണർകാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നും ശല്യം രൂക്ഷമായതിനെ തുടർന്ന് വാടകവീട്ടിലേയ്ക്ക് മാറി. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മുറിവേറ്റ ഡോണിയ ക്ളാസ് മുറിയിലേക്കാണ് ഓടിക്കയറിയത്. ഇവിടെയും രക്തം വീണതോടെ കുട്ടികളും പേടിച്ച് നിലവിളിച്ചു. അദ്ധ്യാപകരെത്തി കുട്ടികളെ മാറ്റി. വിവരമറിഞ്ഞ് രക്ഷിതാക്കളെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |