ജീവഹാനിയുണ്ടായത് 790 കാട്ടാനകൾക്ക്
കോഴിക്കോട്: പന്നിക്കെണിയിൽ പെട്ടും മൃഗ വേട്ടയെ തുടർന്നും മറ്റും കാട്ടിൽ വന്യമൃഗങ്ങ ളുടെ എണ്ണം കുറയുന്നതായി വനം വകുപ്പിന്റെ കണക്ക്.
കോഴിക്കോട്, വയനാട് ഉൾപ്പടെ മലയോര മേഖലയിൽ മൃഗവേട്ട വ്യാപകമെന്നാണ് വിവരം. മറ്റു മൃഗങ്ങളുമായുള്ള ഏറ്റുമുട്ടൽ, മനുഷ്യ വന്യമൃഗ സംഘർഷം എന്നിവയെ തുടർന്ന് ആറുവർഷം കൊണ്ട് ചത്തതോ കൊല്ലപ്പെട്ടതോ ആയ കാട്ടാനകൾ 790. കാട്ടുപോത്ത് 530. പുള്ളിമാൻ 330. വനംവകുപ്പിന്റേതാണ് കണക്ക്. കെണിയിൽ പെട്ടും മുറിവേറ്റും മറ്റും ചത്ത കാട്ടുപന്നികൾ 2,582. ജീവഹാനി സംഭവിക്കുന്നതിൽ തേൻകരടി, കുറുനരി, കാട്ടുപൂച്ച, പുള്ളിപ്പുലി പൂച്ച തുടങ്ങി വംശനാശ ഭീഷണിയുള്ളവയുമുണ്ട്. ഐ.യു.സി.എൻ കണക്കുപ്രകാരം വേട്ടയെ തുടർന്ന് മ്ളാവുകളും കുറയുകയാണ്. മൂന്ന് പതിറ്റാണ്ടിനിടെ 40 ശതമാനത്തോളം കുറഞ്ഞ് ഇവയും വംശനാശഭീഷണി നേരിടുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ലഹരി സംഘങ്ങളടക്കമുള്ളവർ വേട്ടയാടുന്നുവെന്നാണ് വിവരം. വനാതിർത്തിയിൽ താമസിക്കുന്നവർ കാടിനകത്ത് പന്നിക്കു വയ്ക്കുന്ന കെണിയിൽ പെട്ട് കടുവകൾ ഉൾപ്പെടെയുള്ളവ ചാകുന്നു. കാട്ടാനകളും കുട്ടിയാനകളും കുഴിയിലും കിണറ്റിലും മറ്റും പെട്ട് പരിക്കേറ്റു ചാകുന്നുമുണ്ട്. വേട്ടയെ തുടർന്നാണ് പലപ്പോഴും പരിക്കേറ്റ് ചത്ത നിലയിൽ കാട്ടിൽ മൃഗങ്ങളെ കണ്ടെത്തുന്നതത്രെ. ഇക്കൊല്ലം മൂന്നു മാസത്തിനിടെ ജീവഹാനി സംഭവിച്ചത്: ആന 47. കടുവ 11. മ്ളാവ് 84. പുള്ളിപ്പുലി 18.
വന്യമൃഗങ്ങൾ ചാകുന്നതിന്റെ കാരണം ശാസ്ത്രീയമായി വിശകലനം ചെയ്ത് പരിഹരിക്കാൻ വനംവകുപ്പ് വാമാഫ് (വൈൽഡ് ആനിമൽ മോർട്ടാലിറ്റി ഓഡിറ്റ് ഫ്രെയിംവർക്ക്) പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. തത്സമയ വിവരശേഖരണവും ഡിജിറ്റൽ ഡോക്യുമെന്റേഷനും ഇതിൽപ്പെടും. ആന, കടുവ, പുള്ളിപ്പുലി എന്നിവയുടെ ജീവഹാനി വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുക.
ജീവഹാനിയുണ്ടായ മൃഗങ്ങളുടെ കണക്ക്
(2019 മുതൽ ഇതുവരെ)
ആന.... 790
കടുവ.... 60
പുള്ളിപ്പുലി.... 57
മ്ളാവ്.... 620
കാട്ടുപോത്ത്.... 530
മയിൽ.... 496
പുള്ളിമാൻ.... 330
കാട്ടുപന്നി.... 2,582
മുള്ളൻപന്നി.... 92
കുറുനരി.... 73
തേൻകരടി....19
കുരങ്ങ്.... 199
കേഴമാൻ.... 133
എണ്ണം കുറഞ്ഞ് കാട്ടാനകൾ
(കേരളത്തിലെ കണക്ക്)
2017.... 3,322
2023....1,920
2024....1,793
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |