കോഴിക്കോട് : മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിന് കോഴിക്കോട്ടുകാരുടെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1995 ലാണ് ആദ്യത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പദ്ധതി നടപ്പാകാത്തതിന്റെ പേരിൽ നിരവധി സമരങ്ങൾക്ക് നഗരം സാക്ഷിയായിട്ടുണ്ട്. നഗരത്തിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്ന ഇവിടുത്തെ റോഡ് നവീകരണം ഒടുവിൽ ഉദ്ഘാടനത്തിലെത്തുമ്പോഴും ആശങ്കകൾ അവസാനിക്കുന്നില്ല. മാനാഞ്ചിറ മുതൽ വെള്ളിമാട്കുന്ന് വരെയുള്ള 8.4 കിലോമീറ്റർ റോഡിന്റെ സ്ഥലമെടുപ്പ് ഉൾപ്പെടെ പൂർത്തിയായതാണ്. എന്നിട്ടും മലാപ്പറമ്പ് വരെയുള്ള 5.1 കിലോമീറ്റർ റോഡിന്റെ നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിക്കുന്നത്. മലാപ്പറമ്പ് മുതൽ വെള്ളിമാട്കുന്ന് വരെയുള്ള ഭാഗത്തെ നിർമാണത്തിന് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതോടെ പദ്ധതി പൂർണമായും നടപ്പിലാവാൻ എത്രനാൾ കാത്തിരിക്കണമെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളുൾപ്പെടെ ചോദിക്കുന്നത്. മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെയുള്ള റോഡ് നാലുവരിപ്പാതയായി നവീകരിക്കാൻ ദേശീയ ഹെെവേ ഗതാഗത മന്ത്രാലയം തീരുമാനിച്ചതിനാലാണ് റോഡ് നിർമാണം താത്കാലികമായി മലാപ്പറമ്പ് വരെ പരിമിതപ്പെടുത്തേണ്ടി വന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എന്നാൽ പദ്ധതി അട്ടിമറിച്ചു എന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷവും പദ്ധതിക്കായി നടപ്പാക്കിയ നടപടികൾക്ക് കേന്ദ്രാനുമതി വാങ്ങിയിരുന്നില്ലെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു.
''നാലുവരിപ്പാതയായി റോഡ് വികസിപ്പിക്കുകയാണെങ്കിൽ നിലവിലെ 24 മീറ്റർ വീതി മതിയാവില്ല. വീണ്ടും സ്ഥലമെടുപ്പ് വേണ്ടിവന്നാൽ നിർമാണം ഇനിയും ഇഴയും. നിലവിൽ ദേശീയ പാതാ അതോറിറ്റിയ്ക്ക് ഇങ്ങനെയൊരു പദ്ധതിയുണ്ടോ എന്നതിലും വ്യക്തതയില്ല.
- പി.എച്ച് താഹ, പ്രസിഡന്റ് കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ ചേവായൂർ
റോഡ് നിർമ്മാണം അട്ടിമറിച്ചത് ജനവികാരം മാനിക്കാത്തവർ ബി.ജെ.പി
മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് നിർമ്മാണം അട്ടിമറിച്ചത് ജനവികാരം മാനിക്കാത്തവരാണെന്ന് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ് ബാബു. മലാപ്പറമ്പിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡോ.എം. ജി.എസ് നാരായണന്റെ സ്വപ്നമാണ് പൊതുമരാമത്ത് മന്ത്രിയും കൂട്ടരും അട്ടിമറിച്ചത്.ഇപ്പോൾ മലാപ്പറമ്പ് നിന്ന് മുത്തങ്ങയിലേക്ക് പുതിയ റോഡ് വരാനുണ്ടെന്ന് പറഞാണ് പദ്ധതി അട്ടിമറിക്കുന്നത്. രണ്ടു സ്ഥലമെടുപ്പ് വിജ്ഞാപനമിറക്കിയ റോഡാണ് പുതിയ ന്യായത്തിലൂടെ വെട്ടിച്ചുരുക്കുന്നത്.മൂന്നു പതിറ്റാണ്ടിൻ്റെ ആവശ്യമായ മാനാഞ്ചിറ വെള്ളിമാടുകുന്ന് യാഥാർത്യമാക്കാൻ നടന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകിയ മുൻ എം.എൽ .എ യും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ പ്രദീപ് കുമാർ തയ്യാറാവണം.
മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് ആക്ഷൻ കമ്മറ്റി നടത്തുന്ന പ്രക്ഷോഭത്തിനും ബി.ജെ.പി പിന്തുണ നൽകുമെന്നും പ്രകാശ് ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |