വിതരണം തുടങ്ങാൻ 947 കടകൾ
റേഷൻ കടകൾ- 957
മണ്ണെണ്ണ എത്തിയത് -10
കോഴിക്കോട്: മൊത്ത വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറവ് ജില്ലയിലെ മണ്ണെണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കി. 957 റേഷൻ കടകളുള്ള ജില്ലയിൽ സിറ്റി പരിധിയിലെ പത്ത് കടകളിൽ മാത്രമാണ് മണ്ണെണ്ണ വിതരണം ആരംഭിച്ചത്. വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിൽ വിതരണം തുടങ്ങിയിട്ടില്ല. വാതിൽപ്പടി സേവനം ഇല്ലാത്തതും തിരിച്ചടിയായി. കോഴിക്കോട് താലൂക്കിൽ ചെറൂട്ടി റോഡ്, ബീച്ച് എന്നിവിടങ്ങളിൽ മാത്രമാണ് മൊത്തവിതരണ കേന്ദ്രമുള്ളത്. ഇവിടെയെത്തി വേണം മറ്റുള്ള റേഷൻ കടകൾക്ക് സ്റ്റോക്ക് എടുക്കാൻ. എന്നാൽ ദൂരക്കൂടുതലും ആവശ്യത്തിന് വാഹനങ്ങളുമില്ലാത്തതിനാൽ റേഷൻ വ്യാപാരികൾക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല, ഈ കേന്ദ്രങ്ങളിൽ ജില്ലയിലെ മുഴുവൻ റേഷൻ കടകൾക്കും വിതരണം ചെയ്യാനുള്ള മണ്ണെണ്ണയും സ്റ്റോക്കില്ല. നേരത്തേയുണ്ടായിരുന്ന സ്റ്റോക്കുകളാണ് കടകളിലെത്തിച്ചത്. അവയും തീർന്നു. ഇനി പുതിയ സ്റ്റോക്ക് എത്തിയാൽ മാത്രമെ വിതരണം നടക്കുകയുള്ളൂ. അതേസമയം ദൂരക്കൂടുതലായതിനാൽ മറ്റ് താലൂക്കുകളിൽ പോയി ഏറ്റെടുക്കാനാവില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. റേഷൻ കടകളിലോ അല്ലെങ്കിൽ ഒരു പഞ്ചായത്തിന് കീഴിലുള്ള ഏതെങ്കിലും ഇടങ്ങളിലോ മണ്ണെണ്ണ എത്തിച്ചു തന്നാൽ സാമ്പത്തിക ചെലവ് വഹിക്കുമെന്നാണ് റേഷൻ വ്യാപാരികളുടെ നിലപാട്. എന്നാൽ ജില്ലയ്ക്കാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് അധികൃതർക്ക് കഴിഞ്ഞില്ലെന്നും വ്യാപാരികൾ ആരോപിക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലെ വിഹിതമാണ് കേന്ദ്രം അനുവദിച്ചിരുന്നത്. ജൂൺ 30 തിനകം വിതരണം ചെയ്തില്ലെങ്കിൽ വിഹിതം നഷ്ടമാകുമെന്നായിരുന്നു. എന്നാൽ കേരളത്തിൽ മണ്ണെണ്ണ വിതരണം വൈകി ആരംഭിച്ചതിനാൽ സമയം നീട്ടി നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ റേഷൻ കടകൾക്കും മിനിമം 200 ലിറ്റർ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്.
മൊത്ത വിതരണ കേന്ദ്രങ്ങളുടെ കുറവും വാതിൽപ്പടി സേവനം ഇല്ലാത്തതുമാണ്പ്രശ്നം
മൊത്തവിതരണ കേന്ദ്രം ജില്ലയിൽ രണ്ടെണ്ണം മാത്രം
പലയിടത്തും മൊത്ത വ്യാപാരികൾക്ക് റേഷൻകടകളിൽ മണ്ണെണ്ണ എത്തിക്കാൻ സംവിധാനമില്ല.
റേഷൻ കടകളിൽ സ്റ്റോക്ക് എത്തിക്കണമെന്ന് വ്യാപാരികൾ
നീല, വെള്ള, റോസ് കാർഡ് ഉടമകൾക്ക് 3 മാസത്തിൽ ഒരുക്കൽ അര ലീറ്റർ വീതവും എ.എ.വൈ കാർഡ് (മഞ്ഞ) ഉടമകൾക്ക് ഒരു ലീറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുന്നത്
'' മണ്ണെണ്ണ വിതരണത്തിൽ പൂർണമായും സഹകരിക്കാൻ തയ്യാറാണ്. പക്ഷേ, മണ്ണെണ്ണ ഞങ്ങൾക്ക് എത്തിച്ചു നൽകാൻ സർക്കാർ തയ്യാറാകണം''- ടി. മുഹമ്മദാലി, സംസ്ഥാന ജന സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ.
''റേഷൻ കടകളിൽ വാതിൽപ്പടി സേവനം വഴി മണ്ണെണ്ണ എത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. പുതിയ സ്റ്റോക്ക് അടുത്തയാഴ്ച മുതൽ എത്തിത്തുടങ്ങും. ''- കെ.കെ മനോജ് കുമാർ, ജില്ലാ സപ്ളെ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |