കോഴിക്കോട്: ഒന്നരവർഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സുൽത്താൻ ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ കൊലപാതക കേസിൽ അന്വേഷണം ഊർജ്ജിതം. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്താനാണ് അന്വേഷണം സംഘത്തിന്റെ ശ്രമം. കേസിലെ മുഖ്യപ്രതി നൗഷാദിന്റെ കാറിലാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. വെള്ള നിറത്തിലുള്ള കാറാണിതെന്നും ഇപ്പോൾ എവിടെയാണുള്ളതെന്നും അറിയില്ലെന്നാണ് പിടിയിലായ ജ്യോതിഷ്‌കുമാറിന്റെയും അജേഷിന്റേയും മൊഴി. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഈ കാർ നൗഷാദ് മറ്റൊരാൾക്ക് കൈമാറിയിട്ടുണ്ട്. അത് ആർക്കാണെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്. നൗഷാദിനെ നാട്ടിലെത്തിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ. കോഴിക്കോട് നിന്ന് വയനാട്ടിലെ വീട്ടിലെത്തിച്ച ഹേമചന്ദ്രന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
വയനാട് സ്വദേശിയായ നൗഷാദും സുഹൃത്തുക്കളും കബളിപ്പിച്ച് മെഡി.കോളേജ് പരിസരത്തേക്ക് വിളിച്ചു വരുത്തി കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് വയനാട്ടിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ചേരമ്പാടി വനത്തിൽ കുഴിച്ചിട്ടു. ഹേമചന്ദ്രനെ തട്ടികൊണ്ടുപോകുമ്പോൾ മൂന്നുപേർ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ കൂടുതൽ പേരുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡി.കോളേജ് എ.സി.പി എ.ഉമേഷ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |