നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം
കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ലക്ഷണങ്ങളോടെയെത്തുന്ന രോഗികളെ പരിശോധിക്കാനായി മെഡി.കോളേജ് ആശുപത്രിയിൽ ഇന്ന് മുതൽ ട്രയാജ് സംവിധാനമൊരുങ്ങും. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിർണയിക്കുന്ന രീതിയാണിത്. കടുത്ത പനി, തലവേദന, അപസ്മാരം, ന്യൂമോണിയ, നെഞ്ചിൽ കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി കാഷ്വാലിറ്റിയിലെത്തുന്ന രോഗികളെ ഉടൻ ട്രയാജിലേക്ക് മാറ്റും. ഇവിടെ പരിശോധിച്ച ശേഷം സ്രവം മെഡിക്കൽ കോളജിലെ ലെവൽ ടു വൈറോളജി ലാബിൽ പരിശോധിക്കും. ഫലം വരുന്നതുവരെ രോഗികൾ പേ വാർഡ് കെട്ടിടത്തിൽ നിരീക്ഷണത്തിലായിരിക്കും. പോസിറ്റീവാകുന്നവരെ ഉടനെ തന്നെ പോർഡിലെ ഐ.സി.യു ബ്ലോക്കിലേക്ക് മാറ്റും. അല്ലാത്തവരെ രോഗത്തിനനുസരിച്ചുള്ള ഡിപ്പാർട്ട്മെന്റുകളിലേക്ക് മാറ്റും. സാധാരണ നാല് മണിക്കൂറിനുള്ളിൽ രോഗികളുടെ ഫലം ലഭ്യമാകും. നിലവിൽ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസെെറ്റിയുടെ പേ വാർഡ് കോംപ്ളക്സ് നിപ ഐസൊലേഷൻ ബ്ലോക്കായി മാറ്റിയിട്ടുണ്ട്. ഇവിടെയുള്ള രോഗികളെ അതാത് വാർഡുകളിലേക്ക് മാറ്റി. രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സിംഗ് സ്റ്റാഫ് എന്നിവരാണ് ട്രയാജിലുണ്ടാകുക. രോഗികളെ കൃത്യമായി കണ്ടെത്താനും അവർ മറ്റുള്ള രോഗികളും ജീവനക്കാരുമായി ഇടപഴകാതെ കൃത്യമായ ചികിത്സ നൽകാനും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കും. ഐസൊലേഷൻ വാർഡിന്റെ മുന്നിൽ കർശന നീരീക്ഷണമുണ്ട്. ഐസൊലേഷൻ വാർഡും പരിസരവും ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നുമുണ്ട്. അതേ സമയം നിപ ബാധിച്ച് വെള്ളിയാഴ്ച രാത്രി മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.ജയേഷ് കമാർ പറഞ്ഞു.
സന്ദർശകർക്ക് നിയന്ത്രണം
അനാവശ്യമായി ആളുകൾ ആശുപത്രിയിൽ എത്തുന്നത് ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. രോഗിയുടെ കൂടെ ഒരാൾ എന്നത് കർശനമാക്കുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലായി വെറുതെ കൂട്ടം കൂടി നിൽക്കുന്നതിനും വിലക്കുണ്ട്. ആശുപത്രിയിലെത്തുന്ന മുഴുവൻ ആളുകളും നിർബന്ധമായും മാസ്ക് ധരിക്കണം. അതേസമയം, മുൻകൂട്ടി തീരുമാനിച്ച സർജറികൾ മാറ്റി വച്ചിട്ടില്ല. നിലവിൽ മെഡി.കോളേജിൽ എത്തുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി പ്രവർത്തനം സാധാരണ നിലയിലാണെന്നും നിപ മൂലം മറ്റു ചികിത്സകളൊന്നും നിറുത്തിവച്ചിട്ടില്ലെന്നും മെഡി.കോളേജ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |