കോഴിക്കോട് : സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയിട്ടും യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലായി. സ്കൂളുകളിലേക്കും ജോലി ആവശ്യത്തിനുമായി പതിവുപോലെ കുട്ടികളും മുതിർന്നവരും നഗരത്തിലേക്കെത്തി. കൃത്യസമയത്ത് ജോലിക്കെത്താൻ ജനം പാടുപെട്ടു. മെഡിക്കൽ കോളേജിലേക്കും മറ്റുമുള്ള അത്യാവശ്യ യാത്രകൾക്കായി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെത്തിയവർ വാഹനം കിട്ടാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. ദീർഘ ദൂര യാത്രക്കാരെയും സമരം സാരമായി ബാധിച്ചു. സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന ഗ്രാമപ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ വാഹനങ്ങൾ കിട്ടാതെ വലഞ്ഞു. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്, വടകര, നാദാപുരം, ഭാഗങ്ങളിലേക്കും ദൂരദേശങ്ങളിലേക്കുമുള്ള സ്വകാര്യബസുകൾ പണിമുടക്കിന്റെ ഭാഗമായി. കെ.എസ് .ആർ .ടി .സി തൊട്ടിൽ പാലം ഡിപ്പോയിൽ നിന്ന് കോഴിക്കോട്, നാദാപുരം, വടകര ഭാഗങ്ങളിലേക്ക് ഇരുപത്തിയഞ്ചിലധികം ബസുകൾ നിരത്തിലിറക്കി, ദീർഘദൂര സർവീസുകൾ വെട്ടിക്കുറച്ച് മറ്റ് ഭാഗങ്ങളിലേക്ക് മാറ്റുകയായിരുന്നു. കെ.എസ് ആർ.ടി.സി ബസുകൾ സർവീസ് നടത്താത്തതിനാൽ കുറ്റ്യാടി -തലശ്ശേരി യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. മൊകേരി, കക്കട്ട്, തൊട്ടിൽ പാലം, മരുതോങ്കര, ഭാഗങ്ങളിലേക്ക് ജീപ്പ് സർവീസുകളും ഓട്ടോറിക്ഷകളും ലഭ്യമായതിനാൽ യാത്രക്കാർ പ്രയാസപെട്ടില്ല. രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ സിറ്റി ബസുകളില്ലാത്തതോടെ പ്രയാസത്തിലായിരുന്നു. ഓട്ടോറിക്ഷകളിൽ കയറിപ്പറ്റാൻ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.
നഗര, ഗ്രാമ പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തി. മെഡിക്കൽ കോളേജിലേക്കും കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. അവധിയിലുള്ള ജീവനക്കാരോട് തിരിച്ച് സർവീസിൽ പ്രവേശിക്കാൻ കെ.എസ്.അർ.ടി.സി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഗതാഗത കമ്മിഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി പണിമുടക്കിയത്. 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക തുങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
ഇന്ന് ദേശീയ പണിമുടക്ക്
കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു എന്നാരോപിച്ച് ഇന്നലെ ആർദ്ധരാത്രി മുതൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ദേശീയ പണിമുടക്ക് നടക്കുകയാണ്. അടുപ്പിച്ച് രണ്ട് ദിവസം സമരം നടക്കുന്നത് സാധാരണക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. സമരം നടക്കുമ്പോൾ അത്യാവശ്യ യാത്രകൾക്കായി ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി ബസുകളെയാണ്. ഇന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ നടക്കുമോ എന്നതിലും ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |