സുൽത്താൻ ബത്തേരി: പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സുൽത്താൻ ബത്തേരി കൈവട്ടാമൂല സ്വദേശി നൗഷാദിനെ വിൽപ്പനയ്ക്കായി ഏൽപ്പിച്ച ഇന്നലെ അന്വേഷണസംഘം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മെഡിക്കൽകോളേജ് എ.സി.പി എ.ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്. രാവിലെ പത്തരയോടെ തുടങ്ങിയ തെളിവെടുപ്പ് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് അവസാനിച്ചത്.
അടച്ചിട്ട റൂമിൽ വച്ചായിരുന്നു അന്വേഷണസംഘം നൗഷാദിനെ ചോദ്യംചെയ്തത്. പിന്നീട് വീടിന്റെ പിൻഭാഗത്ത് കൊണ്ടുപോയും തെളിവെടുപ്പ് നടത്തി. ഇതുവഴിയാണ് മൃതദേഹമെടുത്ത് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും തെളിവെടുപ്പ് പൂർണമായതിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് അന്വേഷണ സംഘത്തലവനായ എ.സി.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് നിരവധി പേരാണ് തടിച്ചുകൂടിയത്.
സുൽത്താൻ ബത്തേരിയിലെ തെളിവെടുപ്പിന് ശേഷം നൗഷാദുമായി പൊലീസ് സംഘം ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടിരുന്ന തിമിഴ്നാട്ടിലെ ചേരമ്പാടി കാപ്പിക്കാട് വനമേഖലയിൽ തെളിവെടുപ്പിനായി കെണ്ടുപോയി. സിഐ.കെ.കെ.ആഗേഷ് ,സബ് ഇൻസ്‌പെക്ടർ അമൽ ജോയി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.വിനോദ്കുമാർ, ആദിൽ കുന്നുമ്മൽ, ഷെബീർ പെരുമണ്ണ, വിജീഷ് ഇരിങ്ങൽ, ഫോറൻസിക് വിഭാഗം പെബിൻ എന്നിവരാണ് തെളിവെടുപ്പ് സംഘത്തോടൊപ്പമുണ്ടായിരുന്നത്.
സൗദിയിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ബംഗളുരു ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയും വിവരമറിയിച്ചതിനെ തടുർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടര മാസം മുമ്പാണ് നൗഷാദ് താൽക്കാലിക വിസയിൽ വിദേശത്തേക്ക് പോയത്. വിസ കാലാവധി അവസാനിക്കുന്നെന്ന് കണ്ട പൊലീസ് കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നൗഷാദിനെ വിശദമായി ചോദ്യം ചെയ്തെങ്കിലെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുകയുള്ളൂ. കൊലപാതകം നടന്നത് കൈവട്ടാമൂലയിലെ വിൽപ്പനയ്ക്ക് വച്ച ഈ വീട്ടിൽ നിന്നാണെന്ന പൊലീസ് നിഗമനത്തിലാണ് ഇവിടെ വച്ച് തെളിവെടുപ്പ് നടത്തിയത്.
2024 മാർച്ച് 20 നാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. മാർച്ച് 31ന് ഹേമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ സുബിഷ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട് കേസിലെ രണ്ട് പ്രതികൾ പിടിയിലാകുന്നത്. ഇവരെ ചോദ്യംചെയ്തതിൽ നിന്നാണ് ചേരമ്പാടി ഊട്ടി റോഡിന് സമീപത്ത് കാപ്പിക്കാട് വനമേഖലയിൽ ഹേമചന്ദ്രന്റെ മൃതദേഹം ചതുപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്.
തെളിവെടുപ്പ് നീണ്ടത് മൂന്നുമണിക്കൂർ
സുൽത്താൻ ബത്തേരി: ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതി നൗഷാദിനെ ബീനാച്ചി കൈവട്ടമൂലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത് മൂന്ന് മണിക്കൂർ. രാവിലെ പത്തരയോടെയെത്തിയ അന്വേഷണസംഘം വീട് തുറന്ന് നൗഷാദിനെയും കൊണ്ട് അകത്തുകടന്ന ഉടനെ വാതിലടച്ചായിരുന്നു തെളിവെടുപ്പും ചോദ്യം ചെയ്യലും. ഇതിനിടെ ഒരുതവണ പുറത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. നൗഷാദിന്റെ വീട്ടിൽ നിന്ന് 100 മീറ്റർ ദൂരമാണ് ഹേമചന്ദ്രനെ പാർപ്പിച്ചിരുന്ന വീട് . ഈ വീട് ഉടമ നൗഷാദിനെ വിൽപ്പനയ്ക്കായി ഏൽപ്പിച്ചതായിരുന്നു. ഈ സമയത്താണ് ഹേമചന്ദ്രനെ നൗഷാദ് താമസിപ്പിച്ചത്.
ഇവിടെ വെച്ചാണ് ഹേമചന്ദ്രന്റെ കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നു. നൗഷാദിനെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് രാവിലെ മുതൽ തന്നെ പ്രദേശവാസികളെല്ലാം വീടിന് സമീപത്തായി എത്തിയിരുന്നു. നൗഷാദിനെ അറിയുന്നവരായിരുന്നു ഏറെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |