രാമൻ സത്യത്തെ എപ്പോഴും മുറുകെ പിടിച്ചു. ലോകാപവാദത്തെ ഭയന്ന് പ്രിയപ്പെട്ടവരെ പോലും ത്യജിച്ചു. എല്ലാം കഴിഞ്ഞ് സരയു നദിയിൽ സ്വയം സമർപ്പിച്ചു. ഒരു മനുഷ്യൻ ആരെല്ലാമായി മാറുന്നുണ്ടോ അപ്പോഴെല്ലാം തന്റെ കർത്തവ്യം പൂർണമായും നിറവേറ്റി. കൃതകൃത്യനും കൃതാർത്ഥനുമായി. പ്രകൃതിയുമായി വിലയം പ്രാപിച്ചു. ഇങ്ങനെ സ്വധർമ്മാനുഷ്ഠാനത്തിലൂടെ പരിപൂർണതയിലെത്തിയതു മൂലമാണ് ശ്രീരാമചന്ദ്രൻ ആരാദ്ധ്യനായത്. ധർമ്മത്തെ രക്ഷിക്കുന്നവനെ ധർമ്മം രക്ഷിച്ചുകൊള്ളും. സാധാരണ മനുഷ്യനായി ജനിച്ച്, സ്വകർമ്മാനുഷ്ഠാനങ്ങളിലൂടെ വളർന്ന്, ദേവനായി മാറിയതുകൊണ്ടാണ് പൂജിക്കപ്പെടേണ്ട അവതാരമായി അംഗീകരിക്കപ്പെട്ടത്. ആദികവിയുടെ ഈ ആദർശ പുരുഷൻ മനുഷ്യമനസിലാണ് പ്രതിഷ്ഠിക്കപ്പെടേണ്ടത്.
സീത ഒന്നേയുള്ളൂ. സ്ത്രീകൾക്ക് മുഴുവൻ മാതൃകയായി ഇങ്ങനെയൊരാൾ മാത്രമെന്നാണ് സ്വാമി വിവേകാനന്ദൻ സൂചിപ്പിച്ചത്. എത്ര വിസ്തരിച്ചാലും അവസാനിക്കാത്തതാണ് ഭൂമികന്യകയുടെ ഗുണഗണങ്ങൾ. സ്ത്രീസഹജമായ വികാര, വിചാരങ്ങളും ചാപല്യങ്ങളും നിലനിൽക്കുമ്പോൾത്തന്നെ ഔന്നത്യമാർന്ന ദർശനവും ആർജ്ജവവും സഹനവും സഹിഷ്ണുതയും ക്ഷമയും ത്യാജ്യഗ്രാഹ്യവിവേകവും നെെർമ്മല്യവും സീതയിലല്ലാതെ ഒരു പുരാണത്തിലും മറ്റൊരാളിൽ കണ്ടെത്താനാവില്ലത്രെ. ഇത്രമാത്രം ഗുണാധിക്യമുണ്ടായിട്ടും അവർ അനുഭവിച്ച വിഷമങ്ങൾ ഏറെയാണ്. പതിവ്രതാരത്നമായിട്ടും ധർമ്മമൂർത്തിയായ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു. എല്ലാതരം കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കേണ്ടിവന്നു. എന്തേ ഇങ്ങനെ സംഭവിക്കുവാൻ? എല്ലാം തികച്ചും ഒത്തിണങ്ങിയിട്ടും സർവംസഹയായ ഈ സ്ത്രീയുടെ അവസ്ഥ ഒരുതരം അനിവാര്യതയാണോ? ഇത് പ്രകൃതിയാണോ? ഇത് ന്യായമോ? ഇത് വിധിവെെപരീത്യമോ? ലോകനായകന്റെ സഹധർമ്മിണിയായ ദേവിക്കുകൂടി ഇതാണ് അവസ്ഥയെങ്കിൽ ലോകജീവിതത്തിന്റെ പൊരുളെന്താകും? എന്തു വേണമെങ്കിലും ഊഹിച്ചെടുക്കാം.
ശ്രീരാമചന്ദ്രൻ സഞ്ചരിച്ച വഴിയിലൂടെ കടന്നുപോയി ജീവിതത്തെ സമഗ്രമായി കാണാൻ അവസരമൊരുക്കി, വേണ്ടതും വേണ്ടാത്തതും തള്ളേണ്ടതും കൊള്ളേണ്ടതും തിരിച്ചറിയാൻ രാമായണം വായനക്കാരെ പ്രാപ്തരാക്കുന്നു.
ബാഹ്യമായ ശാരീരികദൃഷ്ടിയിൽ മനുഷ്യനെക്കാൾ താഴ്ന്ന നിലയിലായിട്ടും ആത്മബലത്താലും പരിപൂർണ സമർപ്പണത്താലും ആരിലും മേലെയാണ് സൂര്യതേജസ്വിയായ ശ്രീഹനുമാൻ. വായുബലത്തോടെ ഈശ്വരീയനായ തന്റെ യജനമാനനുവേണ്ടി രാക്ഷസീയതയെ ചുട്ടുപൊള്ളിക്കാനും തച്ചുടയ്ക്കാനും മടിയില്ലാത്ത ഈ വാനരൻ, നരനല്ല, അമാനുഷികമായ എത്രയോ ശ്രേഷ്ഠതയുള്ള അപൂർവ വ്യക്തിത്വമാണ്. ഉള്ളുനിറഞ്ഞ ഭക്തിയോടെ, നിരുപാധികമായ സ്നേഹത്തോടെ, പരിചാരകനും പാദസേവകനുമായി സ്വയം സമർപ്പിച്ച് ചിരഞ്ജീവിയായ മറ്റൊരു വ്യക്തിയുണ്ടാകില്ല. ദാർശനികനും ജിതേന്ദ്രിയനുമായി വിശ്വസ്ത തോഴനായി തൊഴുകെെയോടെ മാത്രമേ അതിബലവാനായ ഈ കപീന്ദ്രനെ കാണാൻ സാധിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |