കോഴിക്കോട് : ജ്യോതി ലബോറട്ടറീസ് ചെയർമാൻ സ്ഥാനത്ത് നിന്നും വിരമിച്ച എം.പി രാമചന്ദ്രനെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കാലിക്കറ്റ് ചേംബർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കടം വാങ്ങിയ 5000 രൂപയിൽ നിന്ന് തുടങ്ങിയ വ്യവസായം ഇന്ന് 25000 കോടി രൂപയുടെ വിപണിമൂല്യത്തിലേക്ക് വളർത്തിയതിന് പിന്നിൽ രാമചന്ദ്രന്റെ സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുമാണെന്നും ഇത് സംരംഭകർക്ക് പ്രചോദനമാണെന്നും മേയർ പറഞ്ഞു. സ്നേഹാദരങ്ങൾക്ക് നന്ദിയുണ്ടെന്നും സംരംഭക മേഖലയിലേക്ക് ഇനിയും നിരവധിപേർ കടന്നുവരണമെന്നും എം.പി രാമചന്ദ്രൻ പറഞ്ഞു. പി.വി ചന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. കെ.എം.സി.ടി ചെയർമാൻ ഡോ.കെ മൊയ്തു പൊന്നാട അണിയിച്ചു. മാന്ത്രികൻ പ്രദീപ് ഹുഡിനോയും ഉപഹാരം സമർപ്പിച്ചു. കാലിക്കറ്റ് ചേംബർ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഇ ചാക്കുണ്ണി, അനിൽ രാധാകൃഷ്ണൻ, കെ. ആനന്ദമണി, പ്രൊഫ. ഫിലിപ്പ് .കെ. ആന്റണി, അഡ്വ. എം.കെ അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
കഠിനാദ്ധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും പ്രതീകമായ എം.പി രാമചന്ദ്രൻ വ്യവസായ മേഖലയിൽ കൈവരിച്ച നേട്ടം പുതുസംരംഭകർക്ക് മാതൃകയും കേരളത്തിന് അഭിമാനകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ ഒരു വിദ്യാർത്ഥിനിക്ക് തുടർപഠനത്തിനുള്ള എല്ലാ സാമ്പത്തിക ചെലവുകളും വഹിക്കാമെന്ന് എം.പി രാമചന്ദ്രൻ ചടങ്ങിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |