കോഴിക്കോട് : ഒരു പഞ്ചായത്തിലെ ഇരു വാർഡുകളെ കൂട്ടിയിണക്കി എന്നതിനപ്പുറം ഒരു നാടിന്റെ കൂട്ടായ്മയുടെ കഥയാണ് കോട്ടൂർ പഞ്ചായത്തിലെ ഇടിഞ്ഞക്കടവ് പാലത്തിനുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തൊരുങ്ങിയ ആദ്യ പാലമെന്ന ഖ്യാതി ഇടിഞ്ഞക്കട വ് പാലം സ്വന്തമാക്കുമ്പോൾ അതിന് പിന്നിൽ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ദൃഢനിശ്ചത്തിന്റെ ഊർജ്ജം കൂടിയുണ്ട്. 461 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചാണ് 10,11 വാർഡുകളുകളിലെ ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായത്. പാലത്തിനൊപ്പം പ്രവൃത്തി പൂർത്തിയാക്കിയ വയലിൽ പീടിക റോഡും ആസൂത്രണ മികവിന്റെ നേർചിത്രമാണ്. തൃക്കുറ്റിശ്ശേരി, വാകയാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് 1.100 കിലോമീറ്റർ ദൂരത്തിലാണ് പൂർത്തിയാക്കിയത്. റോഡും പാലവും ഒരുങ്ങിയതോടെ വാകയാട് ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ തൃക്കുറ്റിശേരിയിലെത്താൻ കഴിയും. എക്സിക്യൂട്ടീവ് എൻജിനിയറിൽ നിന്ന് സാങ്കേതികാനുമതി വാങ്ങി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയാണ് പാലം നിർമിച്ചതെന്ന്
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് പറഞ്ഞു.
മൂലാട് കനാൽപ്പാലവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാനൊരുങ്ങുകയാണ്. ഇതിനായി ഇറിഗേഷൻ വകുപ്പിന്റെ അനുമതി നേടി കഴിഞ്ഞു. മഴ കുറയുന്നതോടെ പാലത്തിന്റെ നിർമാണം ആരംഭിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
ചെലവ്
39.73 ലക്ഷം
നീളം 7.2 മീറ്റർ, വീതി 6 മീറ്റർ
'വലിയ നിർമ്മാണ പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
സി.എച്ച് സുരേഷ് , പ്രസിഡന്റ്, കോട്ടൂർ ഗ്രാമപഞ്ചായത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |