കോഴിക്കോട്: തിരുവോണത്തിന് ഇനി രണ്ടുനാൾ. ഉത്രാടപ്പാച്ചിലിന് മുമ്പേ നാടും നഗരവും തിരക്കിലമർന്നു. ഖാദി, ഓണം മേളകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മിഠായിത്തെരുവിൽ പതിവിലുമധികം തിരക്കായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ദീപാലങ്കാരം ഒരുക്കിയത് ആളുകളിൽ കൗതുകവും സന്തോഷവും നിറച്ചു. നഗരത്തിൽ രാത്രിയെത്തുന്നവർക്കാണ് ഇതിന്റെ സൗന്ദര്യം കൂടുതൽ കാണാനാകുന്നത്. മാവേലിക്കസ് 2025ന്റെ ഭാഗമായാണ് ദീപാലങ്കാരം. മിഠായിത്തെരുവിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പായസ മേളകളും തകർക്കുകയാണ്.
വിവിധ സ്ഥാപനങ്ങളിൽ ഓണാഘോഷ പരിപാടികൾ ഇതിനകം തന്നെ നടന്നു. ഓണസദ്യയ്ക്കുള്ള തയ്യാറെടുപ്പിലാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ. പല സ്ഥാപനങ്ങളും ഇന്നലെ സദ്യ ബുക്കിംഗ് നിറുത്തി. മാനാഞ്ചിറ നടപ്പാതയിലടക്കം ഓണക്കോടികൾ വിൽക്കുന്നവരുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് ഫുട്പാത്ത് കച്ചവടക്കാരും സജ്ജീവമാണ്. വിവിധ സ്ഥാപനങ്ങളുടെ ഓണം ഓഫറുകളുമുണ്ട്.
നഗരത്തിൽ എസ്.ബി.ഐ, മിഠായിത്തെരുവ്, ബീച്ച്, എൽ.ഐ.സി, മലബാർ പാലസ് കെട്ടിടങ്ങൾ, പഴയ കോർപ്പറേഷൻ കെട്ടിടങ്ങൾ, ടൗൺഹാൾ, ബേപ്പൂർ, മാങ്കാവ്, മാവൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലും ദീപാലങ്കാരമുണ്ട്. ഡി.ടി.പി.സിയും കോർപ്പറേഷനും ചേർന്നാണ് ദീപം ഒരുക്കിയിട്ടുള്ളത്. മാനാഞ്ചിറയിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ദീപാലങ്കാരം ആകർഷണീയമാണ്. ഓണക്കുട, ഓണക്കൊക്ക് തുടങ്ങിയവയും മാനാഞ്ചിറയിലെ ആകർഷണങ്ങളാണ്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഏഴ് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായാണ് പരിപാടികൾ. സർഗാലയയിൽ പ്രവേശന ഫീസൊഴികെ എല്ലാ വേദികളിലും പ്രവേശനം സൗജന്യമാണ്. വൈകിട്ട് ആറിനാണ് പരിപാടികൾ ആരംഭിക്കുക.
ഓണാഘോഷ പരിപാടികൾ ഇന്ന്
വെെകിട്ട് 6.30
കോഴിക്കോട് ബീച്ച്: നവ്യ നായർ ഡാൻസ് ഷോ
ലുലു മാൾ: മസാല കോഫി, ഹനാൻ ഷാ മ്യൂസിക് ഷോ
ബേപ്പൂർ ബീച്ച്: ആശാ ശരത് ഡാൻസ് ഷോ
സർഗാലയ: ബിജിപാൽ നയിക്കുന്ന സംഗീത പരിപാടി
ഭട്ട് റോഡ് ബീച്ച്: ദേവരാജൻ മെഗാ ഷോ മാനാഞ്ചിറ: മുടിയേറ്റ്, തിരുവാതിരക്കളി കുറ്റിച്ചിറ: ബാപ്പു വെള്ളിപ്പറമ്പ് നയിക്കുന്ന മാപ്പിളപ്പാട്ട്
തളി: ഗായത്രി മധുസൂദനൻ നയിക്കുന്ന ഒറ്റ ബൈ തുടിപ്പ്
ടൗൺ ഹാൾ: നാടകം- തങ്കനാട്ടം, എസ്‌കേപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |