SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

വിഎം വിനുവിന് 2020ലും വോട്ടില്ല, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന വാദം പൊളിയുന്നു; യുഡിഎഫ് ക്യാമ്പ് അങ്കലാപ്പിൽ

Increase Font Size Decrease Font Size Print Page

vm-vinu

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർത്ഥി വിഎം വിനുവിന്റെ വാദങ്ങൾ പൊളിയുന്ന രേഖകൾ പുറത്ത്. 2020 തദ്ദേശ തിരഞ്ഞെടുപ്പിൽ മലാപ്പറമ്പിൽ വോട്ട് ചെയ്‌തെന്നായിരുന്നു വിനു ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അന്നത്തെ തിരഞ്ഞെടുപ്പിലും വിനുവിന് വോട്ടുണ്ടായിരുന്നില്ല. 2020ലെ വോട്ടർ പട്ടികയിൽ വിഎം വിനുവിന്റെ പേരില്ല എന്ന് തെളിയിക്കുന്ന രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വിഎം വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്‌തെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതേത്തുടർന്ന് വലിയ വിവാദമാണ് നടക്കുന്നത്. പുതിയ വോട്ടർ പട്ടിക പുറത്തെത്തിയപ്പോഴാണ് വിനുവിന്റെ പേരില്ലാത്തത് ശ്രദ്ധയിൽപ്പെടുന്നത്. 45 വർഷമായി വോട്ട് ചെയ്യുന്നുണ്ടെന്നും തനിക്ക് വോട്ട് നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നായിരുന്നു വിനുവിന്റെ ചോദ്യം. എന്നാൽ 2020ലും 2023ലെ കരട് വോട്ടർ പട്ടികയിലും വിനുവിന്റെ പേരില്ലെന്ന് രേഖകളിൽ നിന്ന് വ്യക്തമായി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും വിനു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോർപ്പറേഷനിൽ പതിറ്റാണ്ടുകളായി തുടരുന്ന എൽ.ഡി.എഫ് ഭരണത്തിന് മാറ്റമുണ്ടാക്കാനാണ് കോൺഗ്രസ് പ്രമുഖരെ രംഗത്തിറക്കിയത്. എന്നാൽ മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ലെന്നത് യുഡിഎഫ് ക്യാമ്പിനെ അങ്കലാപ്പിലാക്കി. അതേസമയം സെപ്തംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വിനുവിന്റെ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിൽ കോൺഗ്രസിനും യു.ഡി.എഫിനും വീഴ്ച പറ്റിയെന്ന് അണികൾക്കിടയിൽ ആക്ഷേപമുണ്ട്. പ്രത്യേകിച്ചും വോട്ടർപ്പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് തന്നെ ആക്ഷേപമുന്നയിച്ചിരിക്കെ.

എന്നാൽ വർഷങ്ങളായി സ്ഥിരമായി വോട്ടു ചെയ്യുന്ന വിനുവിന് വോട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. വീട് മാറിപ്പോയവർ, വിവാഹിതർ, മരിച്ചവർ, വീട് പൊളിച്ചവർ, പുതിയ വോട്ടർമാർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാകും പ്രാഥമിക പരിശോധന. വർഷങ്ങളായി വോട്ടു ചെയ്യുന്നവരുടെയും സ്ഥിര താമസക്കാരുടെയും സാധാരണഗതിയിൽ പരിശോധിക്കാറില്ലെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, നേതാക്കളായ കെ.ജയന്ത്, പി.എം.നിയാസ്, കെ. ബാലനാരായണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

TAGS: VM VINU, LOCAL BODY POLL, KERALA, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY