കൊയിലാണ്ടി ബൈപാസ് നവംബറോടെ ഗതാഗതത്തിന് തുറക്കും
വെങ്ങളം-അഴിയൂർ റീച്ചിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കും
കോഴിക്കോട് /വടകര: അഴിയൂർ – വെങ്ങളം ദേശീയപാത പ്രവൃത്തി വേഗത്തിലാക്കി യാത്രാദുരിതം പരിഹരിക്കാൻ കളക്ടറുടെ ഇടപെടൽ. ഗതാഗത പ്രശ്നം രൂക്ഷമായ വെങ്ങളം മുതൽ അഴിയൂർ വരെയുള്ള (40.8 കിലോമീറ്റർ) ഭാഗം ഇന്നലെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു. ഈ റീച്ചിലെ പ്രധാന ജംഗ്ഷനുകളിലെ സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് കളക്ടർ പറഞ്ഞു. സർവീസ് റോഡുകൾ കുണ്ടും കുഴിയുമായതോടെ ഈ ഭാഗത്ത് യാത്രാക്ലേശം രൂക്ഷമായിരുന്നു.
നിലവിൽ വെങ്ങളം- അഴിയൂർ റീച്ചിലെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ മുന്നോട്ടുപോകുന്നുണ്ടെന്നും തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിന് മണ്ണിന്റെ ലഭ്യതക്കുറവോ മറ്റു പ്രശ്നങ്ങളോ ഇല്ല. മഴ സീസൺ കഴിയുന്നതോടെ പ്രവൃത്തിയിൽ നല്ല പുരോഗതിയുണ്ടാകും. സർവീസ് റോഡിലെ ഡ്രെയിനേജ് സ്ലാബുകളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ നടപടികൾ കൈക്കൊള്ളുമെന്നും കളക്ടർ അറിയിച്ചു.
പ്രധാന പ്രവൃത്തികൾ
നന്തി ജംഗ്ഷൻ, തിക്കോടി അയ്യപ്പൻ ടെമ്പിൾ അപ്രോച്ച് റോഡ്, പയ്യോളി, വടകര ജംഗ്ഷൻ എന്നിവിടങ്ങളിലെ സർവീസ് റോഡുകൾ പൂർണമായും ഗതാഗത യോഗ്യമാക്കും.
കൊയിലാണ്ടി ബൈപാസ് നവംബറോടെ ഗതാഗതത്തിന് തുറന്നുനൽകും.
ചെങ്ങോട്ടുങ്കാവ്, പൊയിൽക്കാവ് സർവീസ് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കും. ഇതുവഴിയുള്ള പ്രധാനപാത രണ്ട് മാസത്തിനകം പൂർത്തിയാക്കും.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപത്തെ പ്രധാനപാത ഒരു മാസത്തിനകം തുറന്നുനൽകും. നന്തി ജംഗ്ഷനിലെ അപ്രോച്ച് റോഡ് ടാറിംഗ് ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും.
പരിശോധന രാവിലെ മുതൽ
രാവിലെ ഒമ്പതോടെ വെങ്ങളത്ത് നിന്നാരംഭിച്ച കളക്ടറുടെ പരിശോധന 11.40 ഓടെ അഴിയൂരിൽ സമാപിച്ചു. കൊയിലാണ്ടി ബൈപാസിന്റെയും കുഞ്ഞോറമല, പുത്തലത്ത്കുന്ന് എന്നിവിടങ്ങളിലെയും ബൈപാസ് ആരംഭിക്കുന്ന നന്തി ഭാഗത്തെയും നിർമ്മാണ പുരോഗതിയും വിലയിരുത്തി.നന്തി ജംഗ്ഷൻ, തിക്കോടി ചിങ്ങപുരം, പെരുമാൾപുരം, പയ്യോളി ടൗൺ, കരിമ്പനപ്പാലം, വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരം, ചോറോട്, അഴിയൂർ എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളും വിലയിരുത്തി. സർവീസ് റോഡുകൾ സാദ്ധ്യമാകുന്ന സ്ഥലങ്ങളിൽ പരമാവധി വീതി കൂട്ടാനും നിരപ്പല്ലാത്ത ഭാഗങ്ങൾ നിരപ്പാക്കാനും നിർദ്ദേശം നൽകി. അനാവശ്യമായി റോഡുകളിൽ കൂട്ടിയിട്ട നിർമ്മാണ സാമഗ്രികൾ നീക്കം ചെയ്യും. ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുവെ, സൈറ്റ് എൻജിനിയർ രാജ് സി പാൽ, ആർ.ടി.ഒ അൻവർ സാദത്ത്, കൊയിലാണ്ടി തഹസിൽദാർ ജയശ്രീ എസ് വാര്യർ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.
''ഭൂമി ഏറ്റെടുക്കൽ, കനത്ത മഴ, മണ്ണിന്റെ ലഭ്യത കുറവ്, തൊഴിലാളികളുടെ അഭാവം, ജനകീയ പ്രതിഷേധങ്ങൾ കാരണം പ്രവൃത്തിയുടെ വേഗത കുറഞ്ഞിരുന്നു. നിലവിൽ ഇതെല്ലാം പരിഹരിക്കപ്പെട്ടു. അടുത്ത മാർച്ചോടെ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്ന് കരുതുന്നു''- കളക്ടർ സ്നേഹിൽ കുമാർ സിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |