കോഴിക്കോട്: നിറയെ ഓർമ്മകളും പേറിയാണ് നാമോരുത്തരുടേയും ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും. ഓർമ്മകൾ നഷ്ടപ്പെട്ടവരോ? അവരെ ഓർക്കാൻ വീണ്ടുമൊരു ദിനമെത്തുമ്പോൾ അവർക്ക് താങ്ങാവുന്ന അവരെ കൈപിടിച്ചു ഉയർത്തുന്ന അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്‌സ് സൊസൈറ്റി ഒഫ് ഇന്ത്യയുടെ (എ.ആർ.ഡി.എസ്.ഐ ) പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുകയാണ്. മറവി രോഗത്തേക്കുറിച്ച് പൊതു ജനങ്ങൾക്ക് അറിവ് നൽകുക, രോഗികൾക്കുള്ള വിശ്രമ പരിചരണം, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്കായി പരിശീലന പരിപാടികൾ , ഗവേഷണം പ്രോത്സാഹിപ്പിക്കൽ എന്നിങ്ങനെ നിരവധി പ്രവർത്തങ്ങളാണ് ഇവർ ചെയ്യുന്നത്. എല്ലാ ജില്ലയിലും പ്രവർത്തകരുണ്ട്.
രോഗികൾ കൂടുന്നു
എ.ആർ.ഡി.എസ്.ഐ പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ നാലു ലക്ഷത്തിലധികം പേർക്കാണ് മറവി രോഗമുള്ളത്. 2022ൽ 2.16 ലക്ഷവും 2023ൽ 4.4 ലക്ഷവുമായിരുന്നു. 65 വയസ് കഴിഞ്ഞ ആളുകളിലാണ് മറവിരോഗം കണ്ട് വരുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതൽ. ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നു. ആഗോളതലത്തിൽ ഓരോ മൂന്ന് സെക്കൻഡിലും ഒരു മറവിരോഗം സ്ഥിരീകരിക്കുന്നുണ്ട്.
താളം തെറ്റുന്ന അവസ്ഥ
ഡിമെൻഷ്യ (മേധാക്ഷയം) ഒരു രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന പ്രശ്നം. ചിന്തിക്കാനും ഓർക്കാനും തീരുമാനങ്ങളെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. അൽഷിമേഴ്‌സ്. ഫ്രോണ്ടോ ടെംപറൽ ഡിമെൻഷ്യ, വാസ്തുലർ ഡിമെൻഷ്യ, ലേവി ബോഡി ഡിമെൻഷ്യ, മിക്സഡ് ഡിമെൻഷ്യ തുടങ്ങി വിവിധ തരം അവസ്ഥകൾ ഇതിൽപ്പെടുന്നു. കൂടുതൽ പേർക്ക് കണ്ടുവരുന്നത് അൽഷിമേഴ്‌സാണ്. തലച്ചോറിലെ നാഡികോശങ്ങൾ ദ്രവിച്ചു പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണ്.
മറവി രോഗികളെ പരിചരിക്കുന്നതിന്, എ.ആർ.ഡി.എസ്.ഐ സഹകരണത്തോടെ സാമൂഹികനീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച പദ്ധതിയായ സ്മൃതിപഥമുണ്ട് (കേരള സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിമൻഷ്യ). എറണാകുളം എടവനക്കാട് മുഴുവൻ സമയ പരിചരണകേന്ദ്രവും തൃശ്ശൂർ കുന്നംകുളത്ത് പകൽ പരിപാലന കേന്ദ്രവുമുണ്ട്.
'അൽഷെമേഴ്സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാം. ഇതിനായി നേരത്തെ തന്നെ മറവി രോഗത്തിന്റെ അപകട സാദ്ധ്യതകള്‍ തിരിച്ചറിയണം. കൃത്യ സമയത്തുള്ള രോഗ നിര്‍ണയവും പ്രാധാന്യമാണ്. രോഗം തിരിച്ചറിയാനും പരിചരണത്തിനും കൂടുതൽ കേന്ദ്രങ്ങൾ ആവശ്യമാണ്'
ജി. സ്മിതേഷ്, ജനറൽ മാനേജർ (എ.ആർ.ഡി.എസ്.ഐ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |