കോഴിക്കോട്: പുതിയ എയിംസിനെച്ചൊല്ലി തർക്കങ്ങൾ മുറുകുമ്പോഴും കോഴിക്കോട് കിനാലൂരിൽ തന്നെ പദ്ധതി അനുവദിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന്റെ ജോലിയെല്ലാം നിർവഹിച്ചു, ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നാണ് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചത്. 2022ലാണ് സംസ്ഥാന സർക്കാർ കിനാലൂരിനെ എയിംസിനു വേണ്ടി പരിഗണിച്ചത്. കെ.എസ്.ഐ.ഡി.സിയുടെ 150 ഏക്കർ ഭൂമി ആരോഗ്യവകുപ്പിനു കൈമാറുകയും ചെയ്തു. 50 ഏക്കർ കൂടി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളത്തിൽ എയിംസ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി ജെ.പി. നദ്ദ കഴിഞ്ഞ വർഷം പാർലമെന്റിൽ അറിയിക്കുകയും ചെയ്തതാണ്.
@ആലപ്പുഴയും തൃശൂരും
എയിംസ് വരേണ്ടത് ആലപ്പുഴയിലോ തൃശൂരോ ആണെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് എയിംസിനായി കണ്ടുവച്ച നാല് സ്ഥലങ്ങളിൽ ചർച്ചകൾ നടക്കുകയും രണ്ടാം പിണറായി സർക്കാർ കിനാലൂരിനെ പരിഗണിക്കുകയുമായിരുന്നു. എന്നാൽ അതുവരെ ചിത്രത്തിലില്ലാത്ത രണ്ട് സ്ഥലങ്ങൾ കൂടി വന്നതോടെ വീണ്ടും അസ്ഥിരതയുണ്ടായിരിക്കുകയാണ്.
@കിനാലൂരിന്റെ പ്രത്യേകത
വലിയതോതിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതില്ലാത്തതിനാൽ ജനങ്ങൾക്ക് അധികം ബുദ്ധിമുട്ട് അനുഭവപ്പെടില്ലെന്നതാണ് കിനാലൂരിന്റെ പ്രത്യേകത. വിമാന- റെയിൽ- റോഡ് ഗതാഗത സൗകര്യങ്ങളും ജലലഭ്യതയും കിനാലൂരിന് ഗുണമാകും. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 50 കിലോമീറ്റർ മാത്രം അകലെയാണ് എയിംസിന് അനുവദിച്ചിട്ടുള്ള സ്ഥലം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്ററും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 31 കിലോമീറ്ററും ദേശീയപാത 66ൽ നിന്നും 23 കിലോമീറ്ററും 766ൽ നിന്നും 25 മീറ്റർ ദൂരവുമാണ് കിനാലൂരേക്കുള്ളത്.
"സംസ്ഥാന സർക്കാരിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. 150 ഏക്കർ ഭൂമി നിലവിൽ കൈയിലുണ്ട്. 50 ഏക്കർ കൂടി ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പക്ഷേ കേന്ദ്രത്തിൽ നിന്ന് മറുപടിയൊന്നും ലഭിക്കുന്നില്ല.
- ആരോഗ്യവകുപ്പ്
'കെ.എസ്.ഐ.ഡി.സി ഭൂമി സംസ്ഥാന സർക്കാരിന് കൈമാറിക്കഴിഞ്ഞു. ഇനി സർക്കാർ തലത്തിലാണ് നടപടിയുണ്ടാവേണ്ടത്."
- റിജോയ് തോമസ്,
കെ.എസ്.ഐ.ഡി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |