ഇന്ന് യെലോ അലർട്ട്
കോഴിക്കോട്: ബംഗാൾ ഉൾക്കടലിലുണ്ടായ തീവ്രന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ മഴ കനത്തു. മലയോര മേഖല ഉൾപ്പെടെ പല ഭാഗത്തും ഇന്നലെ രാവിലെ മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ടായിരുന്നു. നഗരത്തിലും മഴ ശക്തയായി പെയ്തു. ഓറഞ്ച് അലർട്ടായിരുന്ന ജില്ലയിൽ പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. വടകരയിലും പെരുവണ്ണാമൂഴിയിലും തീവ്രമഴ രേഖപ്പെടുത്തി. പലയിടത്തും വെള്ളക്കെട്ടുണ്ടായി. മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഇന്ന് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പെയ്തിറങ്ങിയ മഴ
24 മണിക്കൂറിനിടെ കോഴിക്കോട് സിറ്റിയിൽ 26.8 മില്ലീമീറ്റർ മഴയും കൊയിലാണ്ടിയിൽ 6.0മില്ലീമീറ്ററും, വടകരയിൽ 22.0 മില്ലീമീറ്ററും കുന്ദമംഗലത്ത് 10മില്ലീമീറ്ററും, വിലങ്ങാട് 6 മില്ലീമീറ്ററും മഴ പെയ്തിറങ്ങിയെന്നാണ്
കേന്ദ്ര കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
വേണം ജാഗ്രത
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല.
വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറും വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |