കോഴിക്കോട്: ഗൂഢാലോചന നടത്തി മന:പൂർവമാണ് ഷാഫി പറമ്പിൽ എം.പിയെ പൊലീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഷാഫിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുകയാണ് പൊലീസ്. അതൊക്കെ കൈകാര്യം ചെയ്യും. ഷാഫിയെ ആക്രമിക്കാൻ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണം.
ആയിരത്തിലധികം പേരുണ്ടായിരുന്ന യു.ഡി.എഫ് പ്രകടനത്തെ പൊലീസ് തടഞ്ഞുനിറുത്തുകയായിരുന്നു. അൻപതു പേർ മാത്രമുണ്ടായിരുന്ന സി.പി.എമ്മുകാരെയാണ് മാറ്റേണ്ടിയിരുന്നത്. ലാത്തിച്ചാർജ്ജിന് ഉത്തരവില്ലാതെ പൊലീസുകാർ തലയ്ക്കും മുഖത്തുമടിച്ചു. ഡിവൈ.എസ്.പിയാണോ ഗ്രനേഡ് എറിയുന്നത്? ആൾക്കൂട്ടത്തിനു നേരെയല്ല എറിയേണ്ടത്. അതിനൊക്കെ നടപടിക്രമമുണ്ട്. ആളില്ലാത്ത സ്ഥലത്തേയ്ക്ക് എറിഞ്ഞ് അതിന്റെ പുക കൊണ്ടിട്ടാണ് ആളുകൾ പിരിഞ്ഞുപോകുന്നത്. എന്നാൽ ഒരു പ്രവർത്തകന്റെ മുഖത്തേക്കാണ് ഗ്രനേഡെറിഞ്ഞത്. അയാളുടെ മുഖം തകർന്നു. ഒരു സീനിയർ ഉദ്യോഗസ്ഥൻ ഗ്രനേഡ് എറിയുന്നത് ആദ്യമായാണ് കാണുന്നത്.
വടകര റൂറൽ എസ്.പി ഞായറാഴ്ച ഏതു യോഗത്തിലാണ് പോയത്? സംഘാടകർ ആരായിരുന്നു. സ്വാഗത പ്രാസംഗികൻ ആരായിരുന്നു. ഏതു യോഗത്തിലേക്കാണ് സി.പി.എം പൊലീസുകാരെ അയക്കുന്നത്? സേവദർശന്റെ പരിപാടിയിലേക്കോ? ആർ.എസ്.എസിന്റെ പരിപാടിയിലാണോ എസ്.പി സംസാരിക്കുന്നത്? ആരാണ് ഇവരെ വിട്ടത്? എന്തും ചെയ്യാമെന്ന നിലയിലേക്ക് പൊലീസ് പോകുകയാണ്. ഇത് ആവർത്തിക്കാൻ പാടില്ല. ഇതൊന്നും തങ്ങൾ നോക്കി നിൽക്കില്ലെന്നും പറഞ്ഞു.
പൊലീസ് ഷാഫിയെ കരുതിക്കുട്ടി ആക്രമിച്ചതാണെന്ന് ഷാഫിയെ സന്ദർശിച്ച ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മർമ്മം നോക്കിയാണ് അടിച്ചത്. സ്വർണപ്പാളി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |