സഞ്ചാരികളെ വരൂ.. കരൂഞ്ഞിമലയിലെ കോടമഞ്ഞിൽ അലിയാം
കൊടുവള്ളി: ഹരിത മനോഹര മലനിരകളും കോടമഞ്ഞുതിരുന്ന പ്രഭാതവും സഞ്ചാരികളുടെ മനം കവരുന്നതാണ് കൊടുവള്ളിയിലെ കരൂഞ്ഞിമലയിലെയും നെടുമലയിലെയും കാഴ്ചകൾ. മലനിരകളെ കോടമഞ്ഞ് പുണരുന്ന പ്രഭാത കാഴ്ചകളും അസ്തമയ സൂര്യന്റെ മനോഹാരിതയും കാണാൻ ഇരട്ട ഗിരിനിരകൾ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ ഏറുകയാണ്. ഒരു കാലത്ത് സാമൂഹിക വിരുദ്ധരുടെ താവളമായിരുന്ന പ്രദേശം ഇന്ന് വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമാണ്. രാത്രിയിൽ ടെന്റടിച്ച് കഴിയാനും നക്ഷത്ര കാഴ്ചകളിലലിയാനും നിരവധി യുവാക്കളാണ് ചെറുസംഘമായും അല്ലാതെയും മലകയറുന്നത്.
ചരിത്രമുറങ്ങും
കരൂഞ്ഞി ഗുഹ
കരൂഞ്ഞി ഗുഹ കേവലം പ്രകൃതിഭംഗി മാത്രമല്ല, ചരിത്രത്തിലേക്കുള്ള ഇടനാഴിയാണ്. മനുഷ്യവാസത്തിന്റെയോ ഭൂതകാല ജീവിതത്തിന്റെ അവശേഷിപ്പോ ആവാം ഈ ഗുഹയെന്നാണ് നിഗമനം. ശരിയായ പഠനത്തിന് വഴി തുറന്നാൽ ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനപ്പെടും. ടൂറിസം കേന്ദ്രമായി വളർത്തിയെടുക്കാനും കഴിയും.
വേണം ഇവയെല്ലാം
റോപ്പ് വേ: കരൂഞ്ഞിമലയെയും നെടുമലയെയും ബന്ധിപ്പിക്കുന്ന റോപ്പ് വേ യാഥാർത്ഥ്യമാക്കിയാൽ മലബാറിലെ ഏറ്റവും വലിയ ടൂറിസം ആകർഷണമായി മാറും.
റോഡ് വികസനം: നിലവിൽ ഇടുങ്ങിയ വഴികളിലൂടെ നടന്നു വേണം കരൂഞ്ഞി മലയിലെത്താൻ. പ്രായമായവർക്കും കുട്ടികൾക്കും യാത്ര ദുഷ്കരമാണ്.
വിശ്രമകേന്ദ്രങ്ങളും എയ്ഡ് പോസ്റ്റുകളും: മലമുകളിലെത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യം, ടോയ്‌ലറ്റുകൾ എന്നിവ നിർമ്മിക്കണം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും സുരക്ഷ ഉറപ്പാക്കാനും എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കണം.
ആരോഗ്യസംരക്ഷണം (ഓപ്പൺ ജിം): പ്രഭാതസവാരിക്കായി ധാരാളം പ്രദേശവാസികൾ ഇവിടെയെത്താറുണ്ട്. മലമുകളിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കുന്നത് ഏറെ ഉപകാരപ്പെടും.
ഗ്രീൻ ടൂറിസവും മാസ്റ്റർ പ്ലാനും: പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കുന്നുകൂടി പ്രകൃതി നശിക്കാതിരിക്കാൻ 'ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കണം. ഭൂപ്രകൃതിക്ക് കോട്ടം തട്ടാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടൂറിസം വകുപ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കണം
എങ്ങനെ എത്തിച്ചേരാം
കൊടുവള്ളി മാർക്കറ്റ് റോഡിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മാട്ടുപൊയിൽ ജംഗ്ഷനിലെത്താം. ഇവിടെ നിന്ന് ഇടത്തോട്ടുള്ള വഴിയിലൂടെ യാത്ര ചെയ്താൽ കരൂഞ്ഞി മലയിലും വലത്തോട്ട് പോയാൽ നെടുമലയിലുമെത്താം.
ടൗണിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഈ വഴി വികസിപ്പിച്ചാൽ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും കൂടും.
നടപ്പാക്കണം
ടൂറിസം പദ്ധതികൾ
മലനിരകളുടെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സർക്കാർ തലത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമായിട്ടുണ്ട്. പ്രദേശത്തിന്റെ വാണിജ്യ-ടൂറിസം സാദ്ധ്യതകൾ കണ്ട് സ്വകാര്യ സംരംഭകർ റിസോർട്ടുകളും പാർക്കുകളും ആരംഭിച്ചിട്ടുണ്ടെങ്കിലും ടൂറിസം വകുപ്പിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല.