മറഞ്ഞത് കായിക രംഗത്തെ ജനകീയ സംഘാടകൻ
കോഴിക്കോട്: ടി.പി ദാസന്റെ വേർപാടിലൂടെ കോഴിക്കോടിന് നഷ്ടമായത് കായിക, കലാ സാംസ്കാരിക രംഗത്തെ ജനകീയനായ സംഘാടകൻ. കോഴിക്കോട്ടെ കലാ സാംസ്കാരിക പരിപാടികളിൽ നിറ സാന്നിദ്ധ്യമായിരുന്നു എന്നും ടി.പി. വേദിയിലേക്ക് ക്ഷണിച്ചാലും സദസിൽ ഇരിക്കാനിഷ്ടപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റായിരിക്കെ 43 ഓളം കായിക സംഘടനകളുള്ളതിൽ ഭൂരിഭാഗത്തിനും അംഗീകാരം നൽകാനായത് അദ്ദേഹത്തിന്റെ നേട്ടമാണെന്ന് സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പറയുന്നു. എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനം കായിക താരങ്ങൾക്കും സംഘടനകൾക്കും പ്രചോദനമായി. കോഴിക്കോട്ട് നാഷണൽ ഗെയിംസ് നടന്ന കാലത്ത് സിന്തറ്റിക് ട്രാക്ക് ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കോഴിക്കോട്ട് സായി സെന്റർ കൊണ്ടുവരുന്നതിലും മുഖ്യ സംഘാടകൻ ടി.പി ദാസനായിരുന്നു. മേയറായിരിക്കെ കലാ സാംസ്കാരിക സംഘടനകളെയും പ്രവർത്തകരെയും ഏറെ പ്രോത്സാഹിപ്പിച്ചു. സംഗീതത്തിലും നാടകപ്രവർത്തനത്തിലും താത്പര്യം കാട്ടിയ അദ്ദേഹം നാടകത്തിൽ അഭിനേതാവുമായി. ബാബുരാജിന്റെ പാട്ടുകളോടുള്ള പ്രത്യേക താത്പര്യമായിരുന്നു ബാബുരാജ് മ്യൂസിക് അക്കാഡമിയുടെ പിറവിക്കു പിന്നിൽ. അക്കാഡമി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. ഒട്ടേറെ സംഗീത പ്രേമികൾക്കും പാട്ടുകാർക്ക് അക്കാഡമി വേദിയൊരുക്കി. തനിക്ക് വശമില്ലാത്ത മേഖലയായിട്ടും താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാൻ മടി കാണിച്ചില്ല. കോഴിക്കോടിന് അത്തരത്തിൽ മറ്റൊരു മേയർ ഉണ്ടായിട്ടില്ലെന്ന് സാംസ്കാരിക പ്രവർത്തകർ പറയുന്നു. അശോകപുരം ശാന്തി നഗറിലെ വീട്ടിൽ അന്ത്യോപചാരമർപ്പിക്കാൻ സി. പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എ.പ്രദീപ്കുമാർ, പി. മോഹനൻ, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ സി.പി മുസാഫിർ അഹമ്മദ്, പി.നിഖിൽ, ഏരിയ സെക്രട്ടിമാരായ എം.അജയകുമാർ, കെ.ബൈജു, മേയർ ഒ.സദാശിവൻ, കെ.ജയന്ത് എം.എൽ.എ, മുൻ എം.എൽ.എമാരായ വി.കെ.സി മമ്മദ്കോയ, തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ എത്തി.
വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവ്
ടി.പി ദാസന്റെ വേർപാടിലൂടെ മികച്ച നേതാവിനെയാണ് കോഴിക്കോടിന് നഷ്ടമായത്. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. കെ.എസ്.വൈ.എഫ്. പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള ടൂറിസം ഡവലപ്മെന്റ് കൗൺസിൽ ഡയറക്ടറുമായിരുന്നു. കല സംഘടനയുടെ അദ്ധ്യക്ഷനെന്ന നിലയിലും ശ്രദ്ധേയനായി.
നാടിനെ ചേർത്തുപിടിച്ച ഭരണാധികാരി
കോഴിക്കോട്: നഗരത്തെ വികസനത്തിലേക്ക് ഉയർത്തിയ ഭരണാധികാരിയായിരുന്നു മുൻ മേയർ കൂടിയായ ടി.പി. ദാസൻ വികസനത്തെയും ജനങ്ങളേയും ഒരുപോലെ ചേർത്തുപിടിച്ച നേതാവായിരുന്നു അദ്ദേഹം. മേയറായിരുന്നപ്പോൾ നഗരഭരണത്തെ ജനകീയമാക്കാനും വികസന പദ്ധതികൾക്ക് ജനകീയ മുഖം നൽകാനും ശ്രദ്ധിച്ചു. നഗരത്തിന്റെ അടിസ്ഥാന വികസനത്തിനൊപ്പം സാംസ്കാരിക വളർച്ചയ്ക്കും പ്രാധാന്യം നൽകി. ഇന്ന് കോഴിക്കോടിന്റെ സാഹിത്യനഗരമെന്ന ഖ്യാതിയ്ക്ക് അടിത്തറ പാകി. കുറ്റ്യാടി സ്വദേശിയായ അഡ്വ. ശങ്കരനുശേഷം ഗ്രാമത്തിൽ നിന്നെത്തി നഗരപിതാവായിരുന്നു അദ്ദേഹം. 1992-93, 1993-94 കാലഘട്ടത്തിൽ രണ്ട് തവണ മേയറായി. അദ്ധ്യാപക ജീവിതത്തിൽ നിന്ന് പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്ന അദ്ദേഹം യുവജന, കായിക, സഹകരണ മേഖലകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. മേയർ പദവി ഒഴിഞ്ഞ ശേഷവും മുൻ മേയേഴ്സ് ഫോറം സെക്രട്ടറിയായി നഗരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി.