കോഴിക്കോട്: സമരങ്ങളും സംഘർഷങ്ങളും നിറഞ്ഞ വർഷമാണ് കഴിഞ്ഞുപോകുന്നത്. ജനകീയ വിഷയങ്ങളിൽ സർക്കാരും ജനങ്ങളും നേർക്കുനേർ പോരാടിയപ്പോൾ ഉയർന്ന തീയിലും പുകയിലും നാടിന്റെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കിയ പദ്ധതികൾ ചാരമാകുന്നതും മറഞ്ഞുപോകുന്നതുമായിരുന്നു കാഴ്ച.
സിൽവർ ലൈൻ
ജില്ലയെ ഇളക്കി മറിച്ച പ്രധാന സംഭവമായിരുന്നു സിൽലൈൻ പദ്ധതിക്കെതിരെ നടന്ന സമരം .കല്ലായ് അടക്കം പലയിടങ്ങളിലും മഞ്ഞക്കുറ്റികൾ സമരക്കാർ എടുത്തെറിഞ്ഞു. കോൺഗ്രസും ബി.ജെ.പിയും സമരത്തിന് പൂർണ പിന്തുണയുമായി രംഗത്തുവന്നു. 40ഓളം കേസുകൾ, 500ഓളം പേർ പ്രതികൾ. പൊലീസിനും ഉദ്യോഗസ്ഥർക്കും നേരെ ആക്രമണം, കൊവിഡ് ചട്ടം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പലരുടെ പേരിലും ചുമത്തിയത്.ഫറോക്ക്, പന്നിയങ്കര, ചെമ്മങ്ങാട്, നടക്കാവ്, വെള്ളയിൽ, എലത്തൂർ, കൊയിലാണ്ടി, പയ്യോളി, വടകര, ചോമ്പാല സ്റ്റേഷനുകളിലായാണ് കേസുകൾ.
ബഫർസോൺ
ജില്ലയിലെ വനമേഖലയായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കാണ് കോഴിക്കോട് സാക്ഷ്യംവഹിച്ചത്. വയനാട്ടിലെ കൽപ്പറ്റയിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കപ്പെട്ടതോടെയാണ് ബഫർസോൺ വിഷയം കൂടുതൽ ശ്രദ്ധേയമായത്. വനംമന്ത്രി എ.കെ ശശീന്ദ്രന് പോലും വ്യക്തമായൊരു നിർദേശം നൽകാൻ കഴിഞ്ഞില്ല.
ബഫർസോൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവന്നതോടെ മലയോരജനതയുടെ ആശങ്ക സമരത്തിലെത്തിച്ചിരിക്കുകയാണ്. 62ഓളം കർഷകസംഘടനകളും പ്രതിപക്ഷ പാർട്ടികളും സംസ്ഥാനത്തുടനീളം സമര പ്രഖ്യാപനത്തിലേക്ക് കടന്നിരിക്കുന്നു. സർവേപ്രകാരം 49,324 കെട്ടിടങ്ങളാണ് ബഫർസോൺ പരിധിയിലുള്ളത്. ഇതിൽ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടും. ഇതോടെ കുടിയിറക്ക് ഭീഷണിയിലായവരാണ് സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഉപഗ്രഹ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്ന ആവശ്യവുമായി താമരശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ മലയോര മേഖലയിൽ സമരങ്ങൾ നടന്നു.സർവേ സദുദ്ദേശത്തോടെയാണ് നടത്തിയതെന്നും റിപ്പോർട്ട് അന്തിമരേഖയല്ലെന്നും ആശങ്കപ്പെടേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കോംട്രസ്റ്റ് തൊഴിലാളികളുടെ സമരം
കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ലിൽ രാഷ്ട്രപതി അംഗീകാരം നൽകി വർഷങ്ങൾ പിന്നിട്ടിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് കോമൺവെൽത്ത് ഹാന്റ്ലൂം തൊഴിലാളികൾ ഈ വർഷവും സമരം നടത്തുന്നു. സർക്കാർ ഭൂമിയും ഫാക്ടറിയും ഏറ്റെടുക്കാത്തതിലും തൊഴിലാളികൾക്ക് നിയമം മൂലം അവകാശപ്പെട്ട തൊഴിലോ മറ്റ് ആനുകൂല്യങ്ങളോ നൽകാത്തതിലും പ്രതിഷേധിച്ചുള്ള കോമൺവെൽത്ത് ഹാന്റ്ലൂം തൊഴിലാളി സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല സമരത്തിന് നഗരം വീണ്ടും സാക്ഷിയായി.
കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കോംട്രസ്റ്റിന് താഴ് വീണിട്ട് 13 വർഷങ്ങൾ പിന്നിടുന്നു.2009 ഫെബ്രുവരി ഒന്നിനാണ് നഷ്ടകണക്കുകൾ നിരത്തി ഫാക്ടറി പൂട്ടുന്നത്.പിന്നീട് നഗരം സാക്ഷ്യം വഹിച്ചത് ഇടവേളകളില്ലാത്ത തൊഴിലാളി സമരങ്ങൾക്കാണ്. ഉപജീവന മാർഗം ഒന്നും തന്നെയില്ലാത്ത ഇവർ സർക്കാരിനോട് ആവശ്യപ്പെടുന്നത് അവകാശപ്പെട്ട ആനുകൂല്യങ്ങൾ മാത്രമാണ്.
മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവം
മെഡിക്കൽ കോളേജിൽ മർദ്ദനമേറ്റ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാർ നടത്തിയ പ്രതിഷേധം ഈ വർഷത്തെ മറ്റൊരു സംഭവമാണ് . കഴിഞ്ഞ ഓഗസ്റ്റ് 30നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. രോഗിയോടൊപ്പം എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അന്യായമായി കടത്തിവിടാത്തതിന്റെ പേരിലായിരുന്നു ആദ്യം വാക്ക് തർക്കം ഉണ്ടായത്. തുടർന്ന് 15 ഓളം ആളുകളെത്തി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു. വിഷയത്തിൽ പൊലീസും ഡി.വൈ.എഫ്.ഐയും ഒത്തു കളിക്കുകയാണെന്ന് ആരോപണം ശക്തമായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ചുപേർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ഹർഷിനയെ മറന്നുകൂട, ഹർഷിനയുടെ കണ്ണീർ വീണ വർഷം
പ്രസവ ശസ്ത്രക്രിയ്ക്കിടെ അഞ്ചു വർഷം മുൻപ് യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ഈ വർഷം ആരോഗ്യ മേഖലയ്ക്ക് നേരെ വന്ന ഏറ്റവും വലിയ പ്രതിഷേധമായിരുന്നു. 2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവെച്ച കത്രിക മൂത്രസഞ്ചിയിൽ തറഞ്ഞു നിൽക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ശസ്ത്രക്രിയ നടന്ന ഭാഗത്ത് പഴുപ്പ് വന്നു. ആരോഗ്യവകുപ്പിന്റെ അന്വേഷണറിപ്പോർട്ട് പുറത്ത് വന്നില്ലെന്നും ആരോഗ്യമന്ത്രിയെ വിളിച്ചിട്ട് മറുപടി പറയുന്നില്ലെന്നും ഹർഷിന ആരോപിച്ചു. തുടർന്ന് യുവതി നീതി ലഭിക്കും വരെ മെഡിക്കൽ കോളേജിലെത്തി. കേരള കൗമുദി വിവരം പുറത്തു കൊണ്ടു വന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇവരെ ഫോണിൽ വിളിച്ചു. ആദ്യ അന്വേഷണ റിപ്പോർട്ടിൽ വ്യക്തത വരുത്താൻ അഡീഷണൽ ചീഫ് സെക്രട്ടറിയെ ആരോഗ്യമന്ത്രി ചുമതലപ്പെടുത്തി.
കോഴിക്കോടിന് നഷ്ടപ്പെട്ടവർ
ഡോ.എ. അച്ചുതൻ---കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനും
എൻ.ഇ ബാലകൃഷ്ണൻ----പൂർണ പബ്ലിക്കേഷൻസിന്റെയും ടി.ബി.എസിന്റെയും സ്ഥാപകൻ
കാന്തപുരം എ.പി മുഹമ്മദ് അലി മുസലിയാർ---സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി
ഡോ.എൻ.വിജയൻ----മുതിർന്ന മാനസികാരോഗ്യ വിദഗ്ധൻ
ടി.നസിറുദ്ദീൻ ------വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്
വികസനങ്ങൾ
രാമനാട്ടുകര കിൻഫ്ര നോളജ് പാർക്ക് തുറന്നു
ഫറോക്ക് ഇരുമ്പുപാലം നവീകരിച്ചു
പേരാമ്പ്ര ബൈപ്പാസ് പൂർത്തിയായി
ബേപ്പൂർ മണ്ഡലം സമ്പൂർണ കുടിവെള്ള പദ്ധതി
കക്കയം തോണിക്കടവ് പദ്ധതി
കിനാലൂർ ബിസ്ക്കറ്റ് ഫാക്ടറി
മെഡിക്കൽ കോളേജ് ആകാശപാത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |