@ രജിസ്ട്രേഷൻ നാളെ മുതൽ
കോഴിക്കോട്: കലാമാമാങ്കത്തിന് കോഴിക്കോട്ട് അരങ്ങൊരുങ്ങി. രജിസ്ട്രേഷൻ നാളെ മുതൽ നടക്കും.
ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ടിന് രാവിലെ 11ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
രജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാനും തിരുവമ്പാടി എം.എൽ.എ. യുമായ ലിന്റോജോസഫ് അദ്ധ്യക്ഷത വഹിക്കും. കൗമാര കലാമാമാങ്കത്തിന് സാക്ഷിയാവാൻ വിക്രം മൈതാനി ഒരുങ്ങിക്കഴിഞ്ഞു. മൈതാനിയുടെ ഏത് ഭാഗത്ത് നിന്ന് നോക്കിയാലും മത്സരങ്ങൾ വീക്ഷിക്കാനാവും. അത്തരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത്. മൈതാനിയിലെ ചതുപ്പുള്ള സ്ഥലങ്ങൾ മണലിട്ട് ബലപ്പെടുത്തി. കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ വേദിയും പന്തലും ഒരുങ്ങുന്നത്.
വിക്രം മൈതാനി 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു പൊതുപരിപാടിക്ക് വിട്ടുനൽകുന്നത്. എട്ട് ഏക്കർ വിസ്തൃതിയുള്ള മൈതാനി ടെറിട്ടോറിയൽ ആർമി മദ്രാസ് റെജിമെന്റിന്റെ ഭാഗമാണ്. 60,000 സ്‌ക്വയർ ഫീറ്റിലാണ് വേദിക്കായി പന്തൽ ഒരുക്കിയത്. 40 അടി നീളവും 35 അടി വീതിയിലുമാണ് സ്റ്റേജ്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീർണത്തിൽ 14 ഗ്രീൻ റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 7എണ്ണം വീതം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി നൽകും. പിൻവശത്തായി 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വിശ്രമമുറിയുമുണ്ട്. വി.ഐ.പി, സംഘടന, പ്രസ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർക്കുള്ള പവലിയനും വേദിക്കരികിലായി തയാറാക്കിയിട്ടുണ്ട്. കൂടാതെ പോലീസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ സേനകൾക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ട്.
തൃശൂർ സ്വദേശിയായ ഉമ്മർ പടപ്പിലാണ് വേദിയിലൊരുക്കുന്ന പന്തലിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും മേളകൾക്കും അനുബന്ധ പരിപാടികൾക്കും പന്തൽ ഒരുക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
@ കലോത്സവ വീഡിയോ പ്രകാശനം ചെയ്തു
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി വെൽഫെയർ കമ്മറ്റി തയ്യാറാക്കിയ കലോത്സവ വീഡിയോ പുറത്തിറക്കി. കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ.രമ എം.എൽ.എ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
പ്രകൃതിദത്തമായ രീതിയിൽ മൺപാത്രങ്ങൾ ഉപയോഗിച്ചും പ്ലാസ്റ്റിക് ഉൽപന്നങ്ങളെ പടിക്ക് പുറത്ത് നിർത്തിയുമുള്ള പുതുമയാർന്ന സന്ദേശമാണ് വീഡിയോയിൽ അടങ്ങിയിരിക്കുന്നത്. കലോത്സവത്തിനാവശ്യമായ കുടിവെള്ളം ആതുര സേവനം എന്നിവയുടെ ചുമതലകളാണ് പ്രധാനമായും വെൽഫെയർ കമ്മിറ്റി നിർവഹിക്കുന്നത്.
മാനാഞ്ചിറയിൽ നടന്ന ചടങ്ങിൽ കമ്മിറ്റിയുടെ വൈസ് ചെയർമാൻ അനിൽകുമാർ എൻ.സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ, ജെ.ആർ.സി ജില്ല കോഓർഡിനേറ്റർ സിന്ധു സൈമൺ, കൺവീനർമാരായ കെ.പി.സുരേഷ്, റഫീക്ക് മായനാട്, ഡോ.പി.എം അനിൽ കുമാർ, സലാം മലയമ്മ, റഷീദ് പാണ്ടിക്കോട്, മുജീബ് കൈപാക്കിൽ, സജീർ താമരശേരി, ഷഹസാദ് വടകര, നിഷ വടകര, വി.കെ.സരിത, എം.പി.റമീസ് സുബൈർ, ഖമറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |