കോഴിക്കോട്: കലയുടെ മാമാങ്കത്തിന് തിരശ്ശീല വീണതോടെ നഗരത്തെ സുരക്ഷിതമാക്കാൻ കണ്ണും കാതും കൂർപ്പിച്ച് ഓടി നടന്ന് പൊലീസും എക്സെെസും. പൂർണസമയ നിരീക്ഷണം ഉൾപ്പെടെ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികളാണ് നടക്കുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസിന്റെ സാന്നിദ്ധ്യമുണ്ട്. മത്സരാർത്ഥികൾക്കും കലോത്സവം കാണാനെത്തുന്നവർക്കും ഏതൊരാവശ്യത്തിനും പൊലീസിന്റെ സഹായമുണ്ട്.
24 വേദികളിൽ ആയി 500 ഓളം പൊലീസുകാരാണ് രംഗത്തുള്ളത്. കൂടാതെ 4 ബറ്റാലിയൻ വണ്ടികളിലായി 69 ബറ്റാലിയൻ ഗൈഡുകളും സജ്ജമാണ്. കൂടാതെ 400 ഓളം എസ്. പി. സിയും പ്രവർത്തിക്കുന്നുണ്ട്.
പ്രധാന വേദിയായ വിക്രം മൈതാനത്ത് രണ്ട് ഡിവൈ. എസ്. പിമാരും നാല് സി. ഐമാരും എസ്. ഐ -എ. എസ്. ഐമാരായി പത്തുപേരും അടക്കം ആകെ 99 പൊലീസുകാരാണുള്ളത്. ഇവർ നാല് മണി മുതൽ എട്ട് മണി വരെയും എട്ട് മണി മുതൽ വേദിയിൽ ആളുകൾ ഒഴിയും വരെയും രണ്ട് ഷിഫ്റ്റായാണ് പ്രവർത്തിക്കുന്നത്.
ആൺകുട്ടികളുടെ താമസസ്ഥലത്ത് 40 പൊലീസുകാരാണുള്ളത്. പെൺകുട്ടികളുടെ താമസസ്ഥലത്ത് 40 വനിതാ പൊലീസുകാരടക്കം 90 പൊലീസുകാരുണ്ട്. കൂടാതെ രണ്ടിടങ്ങളിലുമായി 80 എസ്. പി. സിയുമുണ്ട്. ക്രിസ്ത്യൻ കോളേജിലെ ഭക്ഷണസ്ഥലത്ത് 42 പോലീസുകാരും 40 എസ്. പി. സിയും ഉണ്ട്. തിരക്കുകൾ മുൻകൂട്ടി കണ്ട് കൂടുതൽ പൊലീസാണ് ഭക്ഷണപ്പുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന ഇടങ്ങൾ പൂർണമായും സിസി.ടി.വി നിരീക്ഷണത്തിലാണ്.
സ്റ്റാളും ബോധവത്കരണവുമായി എക്സെെസ്
സ്കൂൾ കലോത്സവത്തിനെത്തുന്ന കുട്ടികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയകളുടെ പ്രവർത്തനത്തിന് തടയിടാൻ എക്സെെസ് ടീം രംഗത്തുണ്ട്. ലഹരിവേട്ടയിൽ പരിശീലനം നേടിയ ഡാൻസാഫ് ടീം, മഫ്തി പൊലീസ് ഉദ്യോഗസ്ഥർ പൊട്രാളിംഗ് ടീം എന്നിവർ പരിശോധന നടത്തുണ്ട്. മാത്രമല്ല പ്രധാന വേദിയായ വിക്രം മെെതാനിയിൽ വിമുക്തി മിഷന്റെ പ്രത്യേക സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. ബോധവത്കരണ പരിപാടികളും നടക്കുന്നു. കൂടുതൽ പേർ എത്തുന്നതിനാൽ മയക്കു മരുന്ന് വിപണനവും ഉപയോഗവും കൂടാൻ സാദ്ധ്യതയുണ്ടെന്നും അതുകൊണ്ട് കർശന പരിശോധനയാണ് നടക്കുന്നതെന്നും എക്സെെസ് ഡെപ്യൂട്ടി കമ്മിഷണർ സുഗുണൻ പറഞ്ഞു.
ഗതാഗതക്കുരുക്ക് നിയന്ത്രിച്ച് ട്രാഫിക്കും
സാധാരണ ചെറിയ പരിപാടികൾക്ക് പോലും ഭീമമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുള്ള ജില്ലയിൽ ഇന്നലെ ഗതാഗതക്കുരുക്ക് പതിവിലും കുറവായിരുന്നു. കലോത്സവ വേദികൾക്ക് മുന്നിലെ റോഡുകളിലടക്കം നിയന്ത്രണമുണ്ടായിരുന്നു. നഗരത്തിൽ വാഹനങ്ങൾ അധികമെത്താതെ വഴി തിരിച്ചുവിട്ടത് ഗുണകരമായി. ബീച്ചിലും പ്രധാന ഗ്രൗണ്ടുകളിലും മാത്രമാണ് പാർക്കിംഗ് അനുവദിച്ചത്. പൊതുവേ ഗതാഗതക്കുരുക്കിൽ വലയുന്ന നഗരത്തിൽ ട്രാഫിക് നിയന്ത്രണം പൊലീസിന് വെല്ലുവിളിയായിരുന്നു.
'' കലോത്സവത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് സദാസമയവും രംഗത്തുണ്ട്. ഏതൊരാവശ്യത്തിനും പൊലീസിനെ വിളിക്കാം. അടിയന്തര സാഹചര്യത്തിൽ ഇറങ്ങാനായി 100 ഓളം പൊലീസുകാരും റെഡിയാണ്. ആവശ്യത്തിനനുസരിച്ച് അവരെ ഇറക്കും. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്''-
കെ.ഇ ബെെജു,
ഡെപ്യൂട്ടി കമ്മിഷണർ ഒഫ് പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |