കോഴിക്കോട്: പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ കോളേജിനെതിരെ പരാതിയുമായിബന്ധുക്കൾ. കോഴിക്കോട് നടക്കാവ് ബിലത്തിക്കുളം സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. ചെന്നൈ എസ്.ആർ.എം കോളേജിലെ റെസ്‌പേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ കോളേജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്നത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പരീക്ഷയെഴുതാൻ തയ്യാറായിരുന്ന ആനിഖിനെ ഹാജർ കുറവെന്ന പേരിൽ പരീക്ഷയെഴുതാൻ കഴിയില്ലെന്ന് അവസാന നിമിഷം കോളേജിൽ നിന്നും അറിയിക്കുകയായിരുന്നു.
ഇതിന് ശേഷം അനീഖ് കടുത്ത നിരാശയിലായിരുന്നു. ശ്വാസം മുട്ടലിനെത്തുടർന്ന് ആനിഖിന് പലപ്പോഴും ക്ലാസിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പരീക്ഷാഫീസ് വാങ്ങിയ ശേഷമാണ് 69 ശതമാനം ഹാജർ മാത്രമേ ഉളളൂ എന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്നും കോളജിൽനിന്ന് അറിയിച്ചത്. ഇതോടെ ആനിഖ് കടുത്ത വിഷമത്തിലായി. ബന്ധുക്കളുടെ പരാതിയിൽ നടക്കാവ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം കണ്ണമ്പറമ്പ് ജുമാമസ്ജിദിൽ കബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |