കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ തീരുമാനത്തിലൂടെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. എൻ.ജി.ഒ അസോസിയേഷന്റെ 48ാം ജില്ലാ സമ്മേളനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരിക്കുന്നതുൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇതിനകം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങിക്കഴിഞ്ഞു. അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് ഉറപ്പു നൽകിയ പിണറായി വിജയൻ സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. നിലവിൽ ജീവനക്കാർക്ക് നാല് ഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. സറണ്ടർ നിഷേധം തുടർക്കഥയാകുന്നു. ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് വികലമായി നടപ്പാക്കിയതിനാൽ ചികിത്സാപരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.
സംഘടനാചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ ഉദ്ഘാടനം ചെയ്തു. സർവീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രയമായ ആശ്രയ നിയമന പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി.ജനറൽ സെക്രട്ടറി പി.എം.നിയാസ്, എൻ.എസ്.യു.ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ട്രഷറർ എ.എം.ജാഫർ ഖാൻ ,സംസ്ഥാന ഭാരവാഹികളായ ജി.എസ്. ഉമാശങ്കർ, എ.പി.സുനിൽ, രാജേഷ് ഖന്ന, വി.പി.ബോബിൻ, എം.പി.ഷനിജ്, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ടി.മധു, ബിനു കോറോത്ത്, എം. ഷിബു, സിജു കെ.നായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |