മൂന്ന് ദിവസത്തിനിടെ 3 അപകടങ്ങൾ : ഒരു മരണം
വളാഞ്ചേരി: ദേശീയപാത 66ലെ അപകടങ്ങൾക്ക് കുപ്രസിദ്ധമായ വട്ടപ്പാറയിൽ തുടർച്ചയായ മൂന്നാം ദിനവും വാഹനാപകടം. ഇന്നലെ രാവിലെ എട്ടിന് മൂന്ന് കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരും കാൽനടയാത്രക്കാരനുമടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര മരാസോ കാർ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന മാരുതി അൾട്ടോ കാറിലും സ്വിഫ്റ്റ് ഡിസയർ കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആൾട്ടോ കാർ 30 മീറ്ററിനപ്പുറത്തെ പുരയിടത്തിൽ പതിച്ചു. വീടിന്റെ ഗേറ്റും മതിലും ജനൽച്ചില്ലുകളും അപകടത്തിൽ തകർന്നു. കാർ യാത്രക്കാർക്ക് പുറമെ പ്രഭാത സവാരി നടത്തുകയായിരുന്ന വട്ടപ്പാറ തൊഴുവാനൂർ സ്വദേശി സുനിലിനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വെള്ളിയാഴ്ച രാത്രിയിലാണ് മറ്റൊരു അപകടമുണ്ടായത്. ഉടുപ്പിയിൽ നിന്നും സിമന്റുമായി പോവുകയായിരുന്ന ലോറി പ്രധാന വളവിൽ സുരക്ഷാഭിത്തിയിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. ലോറിയുടെ കാബിനകത്ത് കുടുങ്ങിയ ഡ്രൈവർ ശിവബാലനെ (42) ഒരു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്. ഇയാളെ നിസാര പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരിൽ നിന്നുളള അഗ്നിശമന സേനയും വളാഞ്ചേരി ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബുധനാഴ്ച രാത്രി 10.30 നുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനായ കോഴിക്കോട് വടകര സ്വദേശി ദാരുണമായി കൊല്ലപ്പെട്ടിരുന്നു. പഴയ സി.ഐ ഓഫീസിന് സമീപം വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സിമന്റ് കയറ്റിയ ലോറിയെ ഇടതുവശത്ത് കൂടി മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിൽ മാരകമായി മുറിവേറ്റ യുവാവ് ചോര വാർന്ന് മരിച്ചു.
ഒരു ഇടവേളയ്ക്ക് ശേഷം അപകടങ്ങളുടെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് വട്ടപ്പാറ . തുടർച്ചയായുണ്ടാവുന്ന അപകടങ്ങൾക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ദേശീയപാതയുടെ പണി പുരോഗമിക്കുമ്പോൾ നിരവധി വാഹനങ്ങളാണ് നിരത്തിലോടുന്നത്. വട്ടപ്പാറ മുതൽ കാവുംപുറം വരെയുള്ള ഭാഗത്തെ റോഡിലെ വളവും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങൾക്ക് കാരണമാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |