തിരൂരങ്ങാടി: ഒരുമാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേൽക്കാൻ ഒരുങ്ങി
ഇസ്‌ലാം മതവിശ്വാസികൾ. റമസാനിനെ വരവേൽക്കാൻ മനസ്സിനെയും ശരീരത്തെയും ഒരുക്കുന്നതിനൊപ്പം വീടും പരിസരങ്ങളും പള്ളികളും വൃത്തിയാക്കിയും വ്രതത്തെ വരവേൽക്കുകയാണ് ഓരോ മതവിശ്വാസികളും. പാതിരാത്രി വരെ നീണ്ടുനിൽക്കുന്ന നമസ്കാരവും ഖുർആൻ പാരായണവും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കുന്ന ഇഫ്താർ സംഗമങ്ങളും മതപ്രഭാഷണങ്ങളും റമസാനിന്റെ പകലിരവുകളെ സജീവമാക്കും. ഓരോ മഹല്ലുകളിലെയും പള്ളികൾ അറ്റകുറ്റപ്പണി നടത്തിയും നിലവിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പുതുക്കി പണിതുമെല്ലാം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നോമ്പ് തുറ വിഭവങ്ങൾക്കുള്ള മുന്നൊരുക്കങ്ങളും സജീവമാണ്. നോമ്പ് തുറക്കാനുള്ള പത്തിരി തയ്യാറാക്കുന്നതിനും രാത്രിയിലെ അത്തായത്തിനുള്ള ഭക്ഷണത്തിനുള്ള അരി, ഗോതമ്പ്, മുളക്, മല്ലി മുതലായവ ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിച്ച് കൊടുക്കുന്ന തിരക്കിലാണ് ഓരോ വീട്ടുകാരും. മുളകിന്റെയും മല്ലിയുടെയും വില വർദ്ധനവ് ആളുകളെ പ്രയാസത്തിലാക്കുന്നുണ്ട്. ഏതാനം മാസങ്ങളായി ജില്ലയിലെ റേഷൻ കടകൾ വഴി പുഴുക്കലരിക്ക് പകരം പച്ചരിയാണ് വിതരണം ചെയ്യുന്നത് എന്നതിനാൽ ഇത്തവണ പച്ചരിക്ക് വലിയ വിലക്കയറ്റമില്ല. രാവിലെ നേരത്തെ തുറന്നാലും രാത്രി വൈകിയും മില്ല് പ്രവർത്തിപ്പിക്കേണ്ട സ്ഥിതിയിലാണെന്ന് ചെറുമുക്ക് പത്തൂർ റൈസ് മില്ലിലെ പാണ്ടികശാല സ്വദേശി മജീദ് പറഞ്ഞു.
ഇത്തവണ നോമ്പ് കാലമെത്തുന്നത് വേനലിൽ ആണെന്നതിനാൽ പഴം വിപണിയിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. തമിഴ്‌നാട്ടിൽ നിന്നും വലിയ തോതിൽ തണ്ണിമത്തൻ ജില്ലയിൽ എത്തുന്നുണ്ട്. വില കിലോയ്ക്ക് 20ന് മുകളിലെത്തിയിട്ടുണ്ട്. ഈത്തപ്പഴം വിപണി ഇതിനകം തന്നെ സജീവമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |