മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കേ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബഡ്ജറ്റ് വിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാത്ത സർക്കാർ നടപടി പദ്ധതികളുടെ താളം തെറ്റിക്കുന്നു. ഡിസംബറിൽ ലഭിക്കേണ്ട വിഹിതം തദ്ദേശ ഭരണ സമിതികളുടെ പ്രതിഷേധത്തെ തുടർന്ന് ഒരാഴ്ച മുമ്പ് സർക്കാർ അനുവദിച്ചെങ്കിലും മൂന്നാം ഗഡുവിന്റെ മുന്നിലൊന്ന് മാത്രമാണിത്. ബാക്കി തുക 25ന് നൽകുമെന്ന സർക്കാരിന്റെ ഉറപ്പിൽ വിശ്വാസമർപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. ബഡ്ജറ്റ് വിഹിതം വൈകുന്നത് പദ്ധതികളുടെ ബില്ല് സമർപ്പിക്കൽ വൈകിപ്പിക്കുന്നുണ്ട്. ജനറൽ പദ്ധതികൾക്കൊപ്പം എസ്.സി.പി, ടി.എസ്.പി പദ്ധതികൾക്കുള്ള തുകയും ലഭിക്കാനുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങളെയും ലൈഫ് മിഷൻ പദ്ധതിയെയും അടക്കം ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പണം ലഭിക്കാത്തതിനാൽ പദ്ധതികളുടെ ബില്ലുകൾ ട്രഷറിയിലേക്ക് നൽകാൻ കഴിയില്ല. സമർപ്പിച്ച ബില്ലുകൾ ക്യൂ ലിസ്റ്റിലേക്ക് മാറ്റി ചെലവിനത്തിൽ ഉൾപ്പെടുത്തിയാൽ ഈ തുക അടുത്ത വർഷത്തെ ബഡ്ജറ്റിലാവും അനുവദിക്കുക. നിലവിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളും 2023- 24 വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷത്തെ പദ്ധതികൾക്കുള്ള തുക അടുത്ത വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് കണ്ടെത്തേണ്ടി വരുമെന്നത് പദ്ധതികൾ വെട്ടിച്ചുരുക്കാൻ കാരണമാകുമെന്ന ആശങ്കയിലാണ് തദ്ദേശ ഭരണ സമിതികൾ.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബഡ്ജറ്റ് വിഹിതം മൂന്ന് തുല്യ ഗഡുക്കളായാണ് സർക്കാർ അനുവദിക്കാറുള്ളത്. ഒന്നാം ഗഡു ഏപ്രിലിലും രണ്ടാം ഗഡു ജൂലായിലും മൂന്നാം ഗഡു ഡിസംബറിലും നൽകും. എന്നാൽ രണ്ടാം ഗഡു ഒക്ടോബറിലാണ് അനുവദിച്ചത്. പിന്നാലെ മൂന്നാം ഗഡു അനുവദിക്കുന്നതും നീണ്ടു.
എങ്ങനെ ചെലവഴിക്കും
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ 317 കോടി രൂപയാണ് ചെലവഴിക്കാൻ അവശേഷിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിലേക്ക് 823 കോടി രൂപ വകയിരുത്തിയപ്പോൾ ഇന്നലെ വരെ 506 കോടി രൂപ ചെലവഴിച്ചു. 61.54 ശതമാനം. ഇക്കാര്യത്തിൽ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് ജില്ല. ജനറൽ, എസ്.സി.പി പദ്ധതികളുടെ തുക വിനിയോഗം യഥാക്രമം 67.89, 66.17 ശതമാനം എന്നിങ്ങനെയാണ്. ടി.എസ്.പി പദ്ധതികളുടേത് 59 ശതമാനവും.
മുന്നിലും പിന്നിലും ഇവർ
തലക്കാട്, പുൽപ്പറ്റ, പുലാമന്തോൾ പഞ്ചായത്തുകളും കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയും 80 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചു. ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ നിലമ്പൂർ നഗരസഭയും (48.06), കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തും (48.65) ആണ്. മറ്റ് തദ്ദേശ സ്ഥാപനങ്ങളെല്ലാം 50 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |