സാങ്കേതികാനുമതി നീളുന്നു: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അവതാളത്തിൽ

Sunday 26 January 2025 1:05 AM IST

മലപ്പുറം: പൊതുമരാമത്ത് വകുപ്പിന്റെ പ്രൈസ് സോഫ്റ്റുവെയറിന്റെ സാങ്കേതിക തകരാർ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിർവഹണത്തിന്റെ വേഗം കുറയ്ക്കുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം ശേഷിക്കേ ജില്ലയിൽ 478.37 കോടി രൂപ ചെലവഴിക്കാനുണ്ട്. നല്ലൊരു ശതമാനം പദ്ധതികളും റോഡുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള പൊതുമരാമത്ത് പ്രവൃത്തികളാണ്. പ്രവൃത്തികളുടെ സാങ്കേതികാനുമതിക്ക് ഫയലുകൾ സമർപ്പിക്കേണ്ടത് പ്രൈസ് സോഫ്റ്റുവെയർ മുഖേനയാണ്. പലപ്പോഴും പകലിൽ സൈറ്റ് ഹാംഗായി വൈകിട്ട് മാത്രം ലഭിക്കുന്ന സ്ഥിതി വിശേഷമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. 30 ലക്ഷം രൂപ വരെ ചെലവ് വരുന്ന പ്രവൃത്തികൾക്ക് അസി. എക്സിക്യുട്ടീവ് എൻജിനീയറും 1.25 കോടി വരെ എക്സിക്യുട്ടീവ് എൻജിനീയറുമാണ് സാങ്കേതികാനുമതി നൽകേണ്ടത്. 1.25 കോടിക്ക് മുകളിലുള്ള പ്രവൃത്തികൾക്ക് ചീഫ് എൻജിനീയറാണ് അനുമതി നൽകേണ്ടത്. തുടർന്ന് പ്രവൃത്തി ഇ -ടെൻഡർ ചെയ്യണം. ഇതിന്റെ നടപടികൾക്കും കാലതാമസമെടുക്കും. ജനുവരിയിലാണ് റോഡ്, കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് അനുമതി നൽകാറുള്ളത്. പ്രൈസ് സോഫ്റ്റുവെയറിലെ സാങ്കേതിക തകരാർ മൂലം പ്രവൃത്തികൾ ആരംഭിക്കുന്നത് വൈകുന്നുണ്ട്. പദ്ധതി തുക ലാപ്സായി പോവുമെന്ന ആശങ്കയിലാണ് തദ്ദേശ ഭരണകൂടങ്ങൾ. ഒരു മാസമായി ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടുണ്ട്. എന്നാൽ ബില്ലുകൾ പാസാക്കുന്നതിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. ജനറൽ പദ്ധതികൾക്കായി വകയിരുത്തിയ 442.17 കോടിയിൽ 218.71 കോടി ചെലവിട്ടിട്ടുണ്ട്. എസ്.സി പദ്ധതികൾക്കുള്ള 136.63 കോടിയിൽ 59.31 കോടി ചെലവഴിച്ചു. ട്രൈബൽ പദ്ധതികൾക്കുള്ള 9.53 കോടിയിൽ 3.72 കോടി വിനിയോഗിച്ചു.

വേണം ജീവനക്കാർ

ജില്ലയിൽ പല തദ്ദേശസ്ഥാപനങ്ങളിലും അസി. എൻജിനീയർമാരുടെയും ഓവർസിയർമാരുടെയും കുറവുണ്ട്.

ഒന്നിലധികം പഞ്ചായത്തുകളുടെ ചുമതല വഹിക്കുന്ന എ.ഇമാരും ഏറെയുണ്ട്.

പദ്ധതി പ്രവൃത്തികളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ കുറവ് തദ്ദേശ സ്ഥാപനങ്ങളെ വലയ്ക്കുന്നുണ്ട്.

സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ എത്തിയിട്ടും ബഡ്ജറ്റിൽ വകയിരുത്തിയ 844.22 കോടിയിൽ ഇന്നലെ വരെ ചെലവഴിച്ചത് 365.85 കോടി രൂപയാണ്. 42.99 ശതമാനം.

സംസ്ഥാന സർക്കാർ ഏ‌‌ർപ്പെടുത്തിയ ട്രഷറി നിയന്ത്രണവും അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറി നൽകാത്തതുമാണ് പദ്ധതി പ്രവ‌ർ‌ത്തനങ്ങളുടെ വേഗം കുറച്ചത്.

പ്രൈസ് സോഫ്റ്റുവെയറിലെ സാങ്കേതിക തകരാറുകൾ മൂലം പദ്ധതികളുടെ സാങ്കേതികാനുമതി വൈകുന്നുണ്ട് . പദ്ധതി നിർവഹണത്തിൽ പിന്നിൽ പോവാനുള്ള പ്രധാന കാരണം ഇതാണ്.

പി.സി. അബ്ദുറഹ്മാൻ, പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,

പ്രസിഡന്റ്സ് ലീഗ് ജില്ലാ പ്രസിഡന്റ്

പ്രൈസ് സോഫ്റ്റുവെയറിൽ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കൂട്ടത്തോടെ ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇത് പരിഹരിച്ചു.

വി. മണിലാൽ, എ.എക്സ്.ഐ, നാഷണൽ ഇൻഫർമാറ്റിക് സെന്റർ