മലപ്പുറം: സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ക്ഷേമത്തിനായി പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറങ്ങി.
സർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ
> സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിന് ആവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ എന്നിവ തൊഴിലുടമകൾ ഒരുക്കണം.
> നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങൾ ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി മണിക്കൂറുകളോളം വെയിലത്ത് നിന്ന് ജോലിചെയ്യുന്നുണ്ട്. ഇവർക്ക് ഡേ/നൈറ്റ് റിഫ്ളക്റ്റീവ് കോട്ടുകൾ, കുടിവെള്ളം, സുരക്ഷ കണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം.
> നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോയെന്നും സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നും മിനിമം വേതനം, അധിക വേതനം എന്നിവ നൽകുന്നുണ്ടോ എന്നതടക്കം ലേബർ ഓഫീസറുടേയും അസിസ്റ്റന്റ് ലേബർ ഓഫീസറുടേയും നേതൃത്വത്തിൽ സ്‌ക്വാഡ് പരിശോധന നടത്തും. സൗകര്യങ്ങൾ തൊഴിലുടമ നടപ്പിലാക്കിയിട്ടില്ലെങ്കിൽ തൊഴിലുടമയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്‌മെന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |