കാളികാവ്: കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചതിൽ പിന്നിൽ. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ കാളികാവ് ബ്ലോക്ക് 148-ാമത് സ്ഥാനത്തെത്തി. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും പിന്നിലാണ് കാളികാവ് .
സംസ്ഥാനത്ത് തന്നെ ഐ.എസ്. ഒ അംഗീകാരം നേടിയിരുന്ന കാളികാവ് ബ്ലോക്കിൽ 50 ശതമാനത്തിൽ താഴെ മാത്രമാണ് ഫണ്ട് ചെലവഴിച്ചത്. പട്ടികജാതി വിഭാഗക്കാർ , ലൈഫ് ഗുണഭോക്താക്കൾ തുടങ്ങിയവർ വിവിധ പഞ്ചായത്തുകളിൽ ബ്ലോക്ക് വിഹിതം കാത്ത് നിൽക്കുന്നുണ്ട്.
ജനറൽ ഫണ്ടുകളും ചെലവഴിക്കാൻ ഏറെ ബാക്കിയുണ്ട് . ഈ വർഷത്തെ 80 ശതമാനത്തിന് മുകളിൽ ഫണ്ട് ചെലവഴിച്ചില്ലെങ്കിൽ 20 ശതമാനം പദ്ധതി വിഹിതം ഈ സാമ്പത്തിക വർഷം കുറയും.
ജില്ലയിൽ മാത്രമല്ല സംസ്ഥാനതലത്തിലും ഏറ്റവും മുന്നിലെത്തിയ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 85 ശതമാനത്തിന് മുകളിൽ പദ്ധതി വിഹിതം ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ള ബ്ലോക്ക് പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 30 ശതമാനത്തിന് താഴെയാണ് തുക ചെലവഴിച്ചത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി 40ശതമാനവും.
വയനാട് ജില്ലയിലെ പനമരം 45 ശതമാനത്തിൽ താഴെയും. 149-ാമത് സ്ഥാനത്തുള്ള അടിമാലി 48 ശതമാനവും148-ാമത് സ്ഥാനത്തുള്ള കാളികാവ് 50 ശതമാനത്തിൽ താഴെയുമാണ് പദ്ധതി വിഹിതം ചെലവഴിച്ചത്. ജില്ലയിൽ ഏറ്റവും പിന്നിലായത് കാളികാവ്, വേങ്ങര, തിരൂർ, തിരൂരങ്ങാടി എന്നിവയാണ്. കുറ്റിപ്പുറം, പെരുമ്പടപ്പ്, കൊണ്ടോട്ടി എന്നിവ ഏറെ മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |