കാളികാവ്: സ്‌കൂൾ അദ്ധ്യാപകൻ ഷറഫുദ്ദീൻ കാളികാവിനും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ശിഹാബുദ്ദീൻ പറട്ടിക്കും മരം നടീൽ ജീവിത വ്രതമാണ്. സർക്കാർ സ്വകാര്യസ്ഥാപനങ്ങളിലും സ്വകാര്യവ്യക്തികൾക്കും ഫലവൃക്ഷങ്ങളും തണൽമരങ്ങളും ശാസ്ത്രീയമായ രീതിയിൽ സൗജന്യമായി നട്ടു കൊടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് പരിസ്ഥിതി പ്രവർത്തകരും സാഹിത്യപ്രവർത്തകരുമായ ഇവർ. പാതയോരങ്ങളിലും സ്‌കൂളുകളിലും തണൽ മരങ്ങളും ഫലവൃക്ഷങ്ങളും വച്ച് പിടിപ്പിക്കലും പരിപാലനവും തുടങ്ങിയിട്ട് പത്തു വർഷത്തിലേറെയായി.
താമരച്ചക്ക തൈകളുടെ സൗജന്യവിതരണം, മെക്സിക്കൻ ചീരയായ മൻസ വ്യാപനം എന്നീ പദ്ധതികളും ഇരുവരും നടപ്പാക്കിയിട്ടുണ്ട്.കാളികാവ് നിലമ്പൂർ ഹൈവേകളിൽ വർഷങ്ങൾക്കു മുമ്പ് നട്ട തൈകൾ വർഷങ്ങളോളം യാത്രക്കാർക്ക് തണലേകി. ഹൈവേ വികസനത്തിന്റെ ഭാഗമായി മരങ്ങൾ പരിപൂർണ്ണമായും വെട്ടിമാറ്റിയതിൽ ദുഃഖിതരാണ് ഇരുവരും.
അന്യം നിന്നു പോകുന്ന ഫലവൃക്ഷങ്ങൾ നാട്ടിൽ വ്യാപിപ്പിക്കലാണ് ഇരുവരുടെയും മുഖ്യലക്ഷ്യം. ഒരു വീട്ടിലെ തന്നെ വ്യത്യസ്ത തരം മനോഭാവമുള്ളവരെ പരിസ്ഥിതി തത‌്‌പരരാക്കാൻ ത്രീ ഇൻ വൺ അഥവാ ഒരു കുഴിയിൽ തന്നെ ഒരു മരം ,ഒരു പച്ചക്കറി തൈ, ഒരു പൂച്ചെടി എന്ന രീതിയാണ് നടപ്പിലാക്കി വരുന്നത്. ഇപ്പോൾ കാളികാവ് ചോക്കാട് പഞ്ചായത്ത് പരിധിയിൽപ്പെട്ട സ്ഥലങ്ങളിലാണ് സ്വകാര്യ വ്യക്തികൾക്ക് തൈകൾ വച്ചു കൊടുക്കുന്നത്. ശിഹാബ് പറാട്ടി 2003 വർഷത്തെ വനം വന്യജീവി വകുപ്പ് വനമിത്ര അവാർഡ് ജേതാവും സാഹിതി കലാസാഹിത്യജനകീയക്കൂട്ടായ്മ സെക്രട്ടറിയും കാളികാവ് അങ്ങാടിയിൽ സോഫ നിർമ്മാണയൂണിറ്റ് സംരംഭകനുമാണ്. ഷറഫുദ്ദീൻ കാളികാവ് മലപ്പുറം ജെ.സി.ഐ പരിസ്ഥിതി സംരക്ഷണ വിഭാഗം കോ ഓർഡിനേറ്ററും സാഹിതി ചെയർമാനും മലപ്പുറം ഉമ്മത്തൂർ യു.പി സ്‌കൂൾ അദ്ധ്യാപകനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |