കാളികാവ്: കാട്ടുപന്നികളിൽ നിന്ന് ജനങ്ങളെ രക്ഷിച്ച വകയിൽ അംഗീകൃത ഷൂട്ടർമാർക്ക് കിട്ടാനുള്ളത് ലക്ഷങ്ങൾ. 2019 വരെ വനം വകുപ്പിൽ നിന്ന് ഒരു പന്നിക്ക് ആയിരം രൂപ വീതം ലഭിച്ചിരുന്നു. ശേഷം പന്നിവേട്ടയുടെ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലായി. ഇതിനു ശേഷം സംസ്ഥാനമൊട്ടാകെ നടത്തിയ പന്നിവേട്ടയ്ക്കുള്ള സഹായധനം ആർക്കും ലഭിച്ചിട്ടില്ല. ഇക്കാലയളവിൽ സംസ്ഥാനത്ത് 4,700 പന്നികളെയാണ് വെടിവച്ച് കൊന്ന് സംസ്‌കരിച്ചത്.
സർക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന്' പന്നി വേട്ടയ്ക്കും സംസ്‌കരണത്തിനുമുള്ള തുക ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഒരു പന്നിയെ വെടിവയ്ക്കുന്നതിന് 1500 രൂപയും സംസ്‌കരിക്കുന്നതിന് 2000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. 2025 ഏപ്രിൽ മാസം മുതലാണ് ഈ നടപടി പ്രാബല്യത്തിൽ വരുന്നത്. ഇതോടെ സർക്കാരിനെ വിശ്വസിച്ച് സ്വന്തം ചെലവിൽ നടത്തിയ പന്നിവേട്ടയുടെ തുക നൽകാൻ ആളില്ലാതായി.
കേരളത്തിൽ ഏറ്റവും കൂടുതൽ പന്നിശല്യം അനുഭവിക്കുന്നത് വണ്ടൂർ മണ്ഡലത്തിലാണ്. വലിയ കൃഷിനാശവും അപകടങ്ങളും നടന്നതും ഈ മണ്ഡലത്തിലാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം 2024 ഡിസംബർ വരെ കൊന്നു കുഴിച്ചു മൂടിയത് 383 പന്നികളെയാണ്.
തൊട്ടടുത്ത് നിൽക്കുന്നത് നെന്മാറയാണ് . 332 പന്നികളെയാണ് ഇവിടെ കൊന്നു കുഴിച്ചു മൂടിയത്.വണ്ടൂർ മണ്ഡലത്തിൽ മാത്രം രണ്ടു ലക്ഷത്തിലേറെ രൂപയാണ് ഷൂട്ടർമാർക്ക് നൽകാനുള്ളത്.ഷൂട്ടർമാരും കർഷകരും ചേർന്നാണ് ചെലവുകൾ വഹിച്ചിരുന്നത്.
ഒരു പന്നിയെ വെടിവയ്ക്കാൻ മാത്രം 200 രൂപയോളം ഒരു വെടിയുണ്ടയ്ക്ക് നൽകണം. പന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയ ശേഷം ഒരു രൂപ പോലും കർഷകർക്ക് ലഭിച്ചിട്ടില്ല. നാട്ടിൽ പന്നികൾ കൂടിയ തോതിൽ നാശം വിതയ്ക്കുമ്പോൾ കർഷകർ പഞ്ചായത്തിന് അപേക്ഷ നൽകി കാത്തിരിക്കണം.
ശേഷം പഞ്ചായത്തിന്റെ അനുമതി ലഭിച്ചാലേ വെടിവയ്ക്കാൻകഴിയൂ.
പിന്നീട് വനം വകുപ്പിന്റെ എം പാനൽ ലിസ്റ്റിൽ പെട്ട ഷൂട്ടർമാരെ കൊണ്ടു വരണം. പാലക്കാട് , തൃശൂർ ജില്ലകളിൽ നിന്നുള്ള ഷൂട്ടർമാരാണ് മലയോര മേഖലയിലെത്തുന്നത്. 2025 മാർച്ച് ആറിന് ഇറങ്ങിയ സർക്കാർ ഉത്തരവു പ്രകാരം ഒരു പന്നിയെ വെടിവയ്ക്കാൻ1500 രൂപയും സംസ്‌കരിക്കാൻ 2000 രൂപയും അനുവദിച്ചിട്ടുണ്ട്.പന്നി ശല്യം കൊണ്ട് കൃഷി ഉപേക്ഷിച്ചവർക്കും ജീവിതം ഗതിമുട്ടിയവർക്കും ഇനി ആകെയുള്ള പ്രതീക്ഷ പുതിയ ഉത്തരവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |