മലപ്പുറം: ജില്ലയിൽ അഞ്ച് വയസ് വരെയുളള കുട്ടികളിൽ 88 ശതമാനം പേർ എം.ആർ 1 വാക്സിൻ എടുത്തപ്പോൾ എം.ആർ 2 വാക്സിനെടുത്തത് 65 ശതമാനം കുട്ടികൾ മാത്രം. ഈ അന്തരം കുറയ്ക്കാൻ ശക്തമായ കാമ്പെയിൻ നടത്താൻ ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം തീരുമാനിച്ചു. മീസിൽസ് റുബെല്ല രോഗം കുട്ടികളിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് കൃത്യമായി ബോധവത്കരിക്കും. വാക്സിനേഷൻ പ്രവർത്തനങ്ങൾ പരാജയപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. 2026 ഡിസംബറോടെ മീസിൽസും റുബെല്ലയും ഇല്ലാതാക്കാനാനുള്ള ശ്രമങ്ങളാണ് കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന മീസിൽസ് റുബെല്ല നിവാരണ ക്യാമ്പയിന്റെ വാക്സിനേഷൻ ഡോസുകൾ എടുക്കാൻ വിട്ടുപോയ കുട്ടികളെ ആരോഗ്യ, ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്സിനേഷൻ നൽകും.
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എല്ലാ ദിവസങ്ങളിലും വാക്സിനേഷന് സൗകര്യം ലഭ്യമാണ്. പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രാപ്തിയിലെത്തിക്കാൻ ഹോമിയോ, ആയുർവേദ വകുപ്പുകളുടേയും സ്വകാര്യ ഡോക്ടർമാരടെയും സഹകരണം ഉറപ്പുവരുത്തും. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വാക്സിനേഷൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകും. ഇതിനായി തൊഴിൽ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
പഞ്ചായത്ത്/നഗരസഭാ അദ്ധ്യക്ഷർ, മത സംഘടനാ നേതാക്കളുടെ യോഗങ്ങൾ ചേരും. ജനമൈത്രി പൊലീസിന്റെ സേവനം, സ്‌കൂൾ അഡ്മിഷൻ സമയങ്ങളിൽ വാക്സിനേഷൻ ചെയ്തവരുടെ പട്ടിക എന്നിവയുൾപ്പെട്ട ഹെൽത്ത് രജിസ്റ്റർ തയ്യാറാക്കുക, കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കുക എന്നിവ നടത്തും. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കാമ്പയിന്റെ വിവരങ്ങൾ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. പമീല, ഡി.എം.ഒ. ഡോ. ആർ.രേണുക, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ഷുബിൻ വിശദീകരിച്ചു.
കാമ്പയിൻ നാല് ഘട്ടങ്ങളിലായി
നാല് ഘട്ടങ്ങളായാണ് കാമ്പയിൻ നടത്തുന്നത്. മേയ് രണ്ട് മുതൽ 10 വരെയുള്ള ആദ്യഘട്ടത്തിൽ വാക്സിൻ എടുക്കേണ്ടതും നിലവിൽ എടുത്തിട്ടില്ലാത്തതുമായ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. രണ്ടാംഘട്ടമായി 11മുതൽ 18 വരെ ഐ.ഇ.സി. പ്രവർത്തനങ്ങൾ, ഇന്റർ സെക്ടറൽ യോഗങ്ങൾ, സ്റ്റേക്ക് ഹോൾഡർമാരുമായുള്ള യോഗങ്ങൾ എന്നിവ വാർഡ് തലത്തിലും സ്ഥാപന തലത്തിലും സംഘടിപ്പിച്ചു. മൂന്നാം ഘട്ടമായി 19 - 27 വരെ തീയതികളിൽ വാക്സിന് വിമുഖത കൂടുതലുള്ള പ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഔട്ട് റീച്ച് സെഷനുകളും നടത്തും. നാലാം ഘട്ടത്തിൽ 28 മുതൽ 31 വരെ വാക്സിനേഷന് വിമുഖത കാണിക്കുന്ന രക്ഷിതാക്കളെ ലക്ഷ്യമിട്ട് ഗൃഹസന്ദർശനമുൾപ്പെടെയുള്ള ഊർജ്ജിത പ്രവർത്തനങ്ങൾ സംഘടിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |