നിലമ്പൂർ: ആര്യാടൻ മുഹമ്മദിന് ലഭിച്ചതിനേക്കാൾ വലിയ ചരിത്ര ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ ഷൗക്കത്ത് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിലമ്പൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഫൈനലിലെ മഹാവിജയത്തിന് മുമ്പുള്ള സെമി ഫൈനൽ മത്സരമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. നിലമ്പൂരിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം എങ്ങിനെ കുറയ്ക്കാമെന്നാണ് ഇടതുമുന്നണി നേതാക്കൾ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസിൽ വലിയ കലാപമുണ്ടെന്ന് പ്രചരിപ്പിച്ചെങ്കിലും ഒരു കരിയില പോലും അനങ്ങിയില്ല. എം.വി ഗോവിന്ദന് ഇതുവരെ സി.പി.എമ്മിന്റെ സ്ഥാനാർത്ഥിയെപോലും കണ്ടെത്താനായിട്ടില്ല.
ഉപതിരഞ്ഞെടുപ്പുകളിൽ ഒരു പ്രതിപക്ഷത്തിനും ലഭിക്കാത്ത നേട്ടമാണ് നമുക്കുണ്ടായിട്ടുള്ളത്. തൃക്കാക്കരയിൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടി ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയേക്കാൾ നാലിരട്ടി ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. പാലക്കാട്ട് ഷാഫി പറമ്പിലിനേക്കാൾ അഞ്ചിരട്ടി ഭൂിരപക്ഷം രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചു. ആലത്തിയൂരിൽ സി.പി.എമ്മിന്റെ ഭൂരിപക്ഷം കുത്തനെ കുറക്കാനായി. നിലമ്പൂരിൽ യു.ഡി.എഫിന് ചരിത്ര ഭൂരിപക്ഷം നൽകാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. യഥാർത്ഥ കമ്യൂണിസ്റ്റുകാരുടെ വോട്ടും ഇത്തവണ കോൺഗ്രസിന് ലഭിക്കുമെന്ന് സതീശൻ പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ ഇഖ്ബാൽ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, പി.വി അബ്ദുൽവഹാബ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, പി. ആബ്ദുൾഹമീദ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ബി. സലീം, ആലിപ്പറ്റ ജമീല, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്മോഹൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, എൻ.എ. കരീം പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |