ടി.ശരണ്യ
കൊണ്ടോട്ടി: ജോലിഭാരത്തിൽ വീർപ്പുമുട്ടി കൊണ്ടോട്ടി സബ് ട്രഷറി. 1981 ആരംഭിച്ച ട്രഷറിയിൽ ഇതുവരെയും പുതിയ തസ്തികകൾ അനുവദിച്ചിട്ടില്ല. ജില്ലയിലെ മറ്റ് താലൂക്കുകളിലെല്ലാം അധിക തസ്തികകളോ ഒന്നിൽ കൂടുതൽ ട്രഷറികളോ പ്രവർത്തിക്കുമ്പോൾ നാലര പതിറ്റാണ്ടായി വിഭജനമോ അധിക തസ്തികകളോ ഇല്ലാതെ ജോലിഭാരത്താൽ ഞെരുങ്ങുകയാണ് കൊണ്ടോട്ടിയിലെ ജീവനക്കാർ. നിത്യേനയുള്ള ട്രഷറി ജോലികൾ പൂർത്തിയാക്കാൻ പ്രവർത്തന സമയം കഴിഞ്ഞും ജീവനക്കാർ ഓഫീസിൽ തുടരേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കൊണ്ടോട്ടി താലൂക്കിലെ മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന വലിയ ഏരിയയാണ് ട്രഷറി പരിധിയിൽ വരുന്നത്. ഇതിൽ 10 പഞ്ചായത്തുകളും
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പള്ളിക്കൽ, ചേലേമ്പ്ര പഞ്ചായത്തുകളും ഏറനാട് മണ്ഡലത്തിലെ കുഴിമണ്ണ പഞ്ചായത്തും ഉൾപ്പെടുന്നുണ്ട്. ഇതോെടാപ്പം കൊണ്ടോട്ടി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവയും കൊണ്ടോട്ടി സബ് ട്രഷറിക്ക് കീഴിലാണ് വരുന്നത്.
ജില്ലയിലെ മറ്റ് താലൂക്കുകളിലെ ട്രഷറികളിൽ 22 മുതൽ 34 വരെ ജീവനക്കാർ ജോലി ചെയ്യുമ്പോൾ കൊണ്ടോട്ടിയിൽ 12 ജീവനക്കാർ മാത്രമാണുള്ളത്. താലൂക്ക് ആസ്ഥാനമായി 1981 ൽ ട്രഷറി ആരംഭിച്ചപ്പോൾ ഉള്ള തസ്തികകൾ മാത്രമാണ് ഇവിടെ ഇപ്പോഴുമുള്ളത്. അധിക തസ്തികൾ അനുവദിക്കണമെന്നും കൊണ്ടോട്ടി ട്രഷറി വിഭജിച്ച് പുളിക്കൽ കേന്ദ്രമായി പുതിയ ട്രഷറി സ്ഥാപിക്കണമെന്നുമുള്ള ആവശ്യം രാഷ്ട്രീയപാർട്ടികളും പെൻഷൻ സംഘടനകളും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. മാറി മാറി വന്ന സർക്കാറുകൾക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല. വലിയ സേവനപരിധി വരുന്ന കൊണ്ടോട്ടി ട്രഷറിക്ക് കീഴിൽ 2495 പെൻഷൻകാരും 8010 സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളും 3740 സ്ഥിരനക്ഷേപ അക്കൗണ്ടുകളും 265 ഡിഡിഒ മാരും.
നാല് മുദ്രപത്രവില്പനക്കാരും ഉൾപ്പെടുന്നുണ്ട്. പ്രതിദിനം ശരാശരി 35ലധികം ചലാനുകളും 60ലധികം ബില്ലുകളും ചെക്കുകളും ജീവനക്കാർ കൈകാര്യം ചെയ്യുന്നുണ്ട്.
തസ്തികകൾ വർദ്ധിപ്പിക്കണം
ദിനംപ്രതി നൂറുകണക്കിന് പെൻഷൻകാരും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളും ആശ്രയിക്കുന്ന സബ് ട്രഷറിയിൽ കൃത്യസമയത്ത് സേവനങ്ങൾ പൂർത്തിയാക്കാൻ ആളുകൾക്കൊപ്പം ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.
സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും എണ്ണം വർധിക്കുകയല്ലാതെ ജീവനക്കാരുടെ തസ്തികകൾ വർധിക്കാത്തത് ട്രഷറി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി ജീവനക്കാർ പരാതി പറയുന്നു. താലൂക്കിന് കീഴിൽ ഒരു സബ് ട്രഷറി മാത്രമുള്ള ജില്ലയിലെ ഏക താലൂക്ക് കൊണ്ടോട്ടിയാണ്. എന്നാൽ മറ്റു താലൂക്കുകളിൽ രണ്ടു മുതൽ നാലു വരെ ട്രഷറുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ മറ്റ് ആറ് താലൂക്കുതല ട്രഷറികളിലും സബ് ട്രഷറി ഓഫീസറുടെയും രണ്ട് ജൂനിയർ സുപ്രണ്ടിന്റെയും കീഴിൽ രണ്ട് സെക്ഷനുകൾ പ്രവർത്തിക്കുകയും സേവനങ്ങൾ സുഗമമായി നടക്കുകയും ചെയ്യുമ്പോഴാണ് കൊണ്ടോട്ടി സബ് ട്രഷറിയ്ക്ക് മാത്രം നാലര പതിറ്റാണ്ടിലേറെയായി ഈ ദുരിതം.
2495 പെൻഷൻകാർ
8010 സേവിങ്സ് ബാങ്ക്
അക്കൗണ്ട് ഉടമകൾ
3740 സ്ഥിരനക്ഷേപ അക്കൗണ്ടുകൾ
265 ഡിഡിഒ
35ലധികം
ചലാനുകളും
60ലധികം ബില്ലുകളും ചെക്കുകളും
പടം......
കൊണ്ടോട്ടി സബ് ട്രെഷറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |