മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ മലപ്പുറം ജില്ലയിൽ 252 പേരും പാലക്കാട് ജില്ലയിൽ 209 പേരുമാണ് ഉൾപ്പെടുന്നത്. 27 പേർ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് ആരോഗ്യപ്രവർത്തകരുള്ളതിൽ ഒരാൾ സി.ടി സ്‌കാൻ ടെക്നീഷ്യനാണ്. സമ്പർക്ക പട്ടികയിലുള്ള 48 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 46ഉം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ 23 പേർ മഞ്ചേരി മെഡിക്കൽ കോളജിലും 23 പേർ കോഴിക്കോട്ടുമാണുള്ളത്. ഹൈറിസ്‌ക് പട്ടികയിലുള്ളവർ എല്ലാവരും ക്വാറന്റീനിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
രണ്ട് രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് രോഗസാദ്ധ്യത ഉണ്ടാകാനുള്ള ഈ കാലയളവ് വളരെ പ്രാധാന്യമുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഈ കാലയളവിനെ ലാഘവത്വത്തോടെ കാണരുത്. 21 ദിവസം പൂർണമായും ക്വാറന്റീൻ പാലിക്കണം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലയിലുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ക്വാറന്റീനിലുള്ളവർക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾ ഭക്ഷണം ഉറപ്പാക്കണം. കണ്ടെയിൻമെന്റ് സോണിൽ താമസിക്കുന്ന ഇതര പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാനും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്താനും വിദ്യാഭ്യാസ വകുപ്പ് സംവിധാനമൊരുക്കണം. സമ്പർക്കപ്പട്ടികയിലുള്ള ആരെയും കണ്ടെത്താതെ പോകാൻ പാടില്ല. ഇതിനായി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ കണ്ടൈൻമെന്റ് സോണുകളിൽ ഉൾപ്പെട്ട 8,706 വീടുകളിൽ പനി ബാധിതരെ കണ്ടെത്തുന്നതിനുള്ള സർവൈലൻസ് പൂർത്തിയാക്കി. നിപയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അത്തരം കേസുകൾ സൈബർ സെല്ലിനു കൈമാറുമെന്നും മന്ത്രി പറഞ്ഞു.
മഞ്ഞളാംകുഴി അലി എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ വിനോദ്, പൊതുജനാരോഗ്യവിഭാഗം അഡീ. ഡയറക്ടർ കെ.പി റീത്ത തുടങ്ങിയവർ നേരിട്ടും അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു. ആരോഗ്യമന്ത്രി വീണ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസിൽ സജ്ജമാക്കിയ കൺട്രോൾ റൂം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |