
ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് കട്ടക്കിൽ തുടക്കം
ഗില്ലാം പാണ്ഡ്യയും തിരിച്ചെത്തുന്നു, സഞ്ജുവിൽ സസ്പെൻസ്
കട്ടക്ക് : ടെസ്റ്റ് പരമ്പരിൽ തോറ്റെങ്കിലും ഏകദിന പരമ്പര പിടിച്ച ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയെ ട്വന്റി-20 പരമ്പരയിൽ നേരിടും. അഞ്ചുമത്സരപരമ്പരയിലെ ആദ്യ ട്വന്റി-20 ഇന്ന് കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാത്രി ഏഴിനാണ് കളി തുടങ്ങുന്നത്.
ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പന്തുകൊണ്ട് കഴുത്തിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശുഭ്മാൻ ഗില്ലിന്റെയും സെപ്തംബറിലെ ഏഷ്യാകപ്പിൽ പരിക്കേറ്റിരുന്ന ഹാർദിക് പാണ്ഡ്യയുടേയും ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ പരമ്പര. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഉപനായകനായാണ് ഗില്ലിന്റെ വരവ്. അഭിഷേക് വർമ്മയ്ക്കൊപ്പം ഓപ്പണിംഗിന് ഇറങ്ങുന്നതും ഗില്ലായിരിക്കും. ജിതേഷ് ശർമ്മയും മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഇവരിൽ ആർക്കാണ് പ്ളേയിംഗ് ഇലവനിൽ ഇടംകിട്ടുകയെന്നത് സംശയത്തിലാണ്. തിലക് വർമ്മയാണ് ടീമിലെ സ്പെഷ്യലിസ്റ്റ് ബാറ്റർ. ആൾറൗണ്ടർമാരായ ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ,അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം പേസർമാരായ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും ഹർഷിത് റാണയും സ്പിന്നർമാരായ വരുൺ ചക്രവർത്തിയും കുൽദീപും ഇന്ത്യൻ സംഘത്തിലുണ്ട്.
എയ്ഡൻ മാർക്രമാണ് ചെറുഫോർമാറ്റിൽ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ഏകദിന പരമ്പരയിൽ സെഞ്ച്വറി നേടി മികച്ച ഫോമിലാണ് മാർക്രം. ഡെവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ്, ക്വിന്റൺ ഡി കോക്ക്, ഒറ്റേനിൽ ബാർട്ട്മാൻ, കേശവ് മഹാരാജ്,മാർക്കോ യാൻസൺ തുടങ്ങി വൺഡേയിൽ മികച്ച പ്രകടനങ്ങൾ നടത്തിയ താരനിരയാണ് സന്ദർശകരുടെ കരുത്ത്.
ലോകകപ്പിലേക്കുള്ള
തയ്യാറെടുപ്പ്
രണ്ടുമാസത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടേയും അവസാനവട്ട തയ്യാറെടുപ്പിന്റെ തുടക്കമാണ് ഈ പരമ്പര.
2026 ഫെബ്രുവരി ഏഴിന് മുംബയ് വാങ്കഡേ സ്റ്റേഡിയത്തിൽ ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ നേരിടാൻ ഇറങ്ങും മുന്നേ ഇന്ത്യയ്ക്ക് 10 ട്വന്റി-20 മത്സരങ്ങളാണുള്ളത്.
ഇതിൽ അഞ്ചെണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങൾ ജനുവരിയിലെ ന്യൂസിലാൻഡ് പര്യടനത്തിലാണ്.
നിലവിലെ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കിരീടം നിലനിറുത്താൻ ഏറ്റവും മികച്ച ടീമിനെത്തന്നെ അണിനിരത്തേണ്ടതുണ്ട്.
ഗംഭീർ ഇനിയും പരീക്ഷണങ്ങൾക്ക് മുതിരുമോ അതോ ലോകകപ്പിനുള്ള ടീമിനെ സെറ്റ് ചെയ്ത് മത്സരിപ്പിക്കുമോ എന്നാണ് ,രാധകർ ഉറ്റുനോക്കുന്നത്.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ), ശുഭ്മാൻ ഗിൽ( വൈസ് ക്യാപ്ടൻ),അഭിഷേക് ശർമ്മ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, ശിവം ദുബെ,ഹർഷിത് റാണ,കുൽദീപ് യാദവ്,ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, സഞ്ജു സാംസൺ, ജിതേഷ് ശർമ്മ, തിലക് വർമ്മ,വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ.
ദക്ഷിണാഫ്രിക്ക : എയ്ഡൻ മാർക്രം (ക്യാപ്ടൻ), ഒറ്റേനിൽ ബാർട്ട്മാൻ,കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്ക്, ഡൊണോവൻ ഫെരേര,റീസ ഹെൻറിക്സ്,മാർക്കോ യാൻസൺ,ജോർജ് ലിൻഡേ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ,ലുൻഗി എൻഗിഡി,അൻറിച്ച് നോർക്യേ,ലുതോ സിപാംല,ട്രിസ്റ്റൺ സ്റ്റബ്സ്.
7pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും ലൈവ്.
ട്വന്റി-20യിൽ ഓപ്പണർമാർ ഒഴികെ മറ്റെല്ലാവരും ഏത് സമയത്തും ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ തയ്യാറായിരിക്കണം. സഞ്ജുവിന് ധാരാളം അവസരങ്ങൾ നൽകിയിട്ടുണ്ട്. സഞ്ജുവിന് മുന്നേ ഗിൽ ഓപ്പണറായിരുന്നു. ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ സഞ്ജു തയ്യാറാണ്. സഞ്ജുവിനെയും ഗില്ലിനെയും പോലുള്ള കളിക്കാർ ടീമിന്റെ ഭാഗമാകുമ്പോൾ ഒരാൾക്ക് ഓപ്പൺ ചെയ്യാം, മറ്റൊരാൾക്ക് ബാറ്റിംഗ് ഓർഡറിൽ താഴെയിറങ്ങി കളിക്കാം. അത് ടീമിന് മുതൽക്കൂട്ടാണ്
- സൂര്യകുമാർ യാദവ്
ഇന്ത്യൻ ക്യാപ്ടൻ
സഞ്ജുവോ ജിതേഷോ ?
ട്വന്റി-20യിൽ അപൂർവമായി മാത്രമാണ് സഞ്ജു സാംസൺ മധ്യനിരയിൽ തിളങ്ങിയിട്ടുള്ളത്. മധ്യനിരയിൽ സഞ്ജുവിനേക്കാൾ ജിതേഷ് ശർമയാണ് കുറച്ചുകൂടി അനുയോജ്യനെന്നു മാനേജ്മെന്റ് വിലയിരുത്തിയാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വരും.
ഇന്ത്യയുടെ 2024 ലോകകപ്പ് വിജയത്തിനുശേഷം, ടീമിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരിൽ മൂന്നാമത്തെയാളാണ് സഞ്ജു . ദക്ഷിണാഫ്രിക്കയിൽ രണ്ടു സെഞ്ചറികളുൾപ്പെടെ മൂന്നു സെഞ്ചറികളാണ് ഓപ്പണറായി ഇറങ്ങി സഞ്ജു നേടിയത്. എന്നാൽ വൈസ് ക്യാപ്റ്റനായി ഗിൽ തിരിച്ചെത്തിയതോടെ സഞ്ജുവിനു ബാറ്റിങ് ഓർഡറിൽ താഴേയ്ക്ക് ഇറങ്ങേണ്ടി വന്നു.
മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു വേണ്ടി നടത്തിയ മികച്ച പ്രകടനവുമായാണ് സഞ്ജു ഇന്ത്യൻ ടീമിൽ എത്തുന്നത്. രണ്ട് അർധസെഞ്ചറിയും രണ്ട് 40+ സ്കോറും നേടിയ സഞ്ജു, ആന്ധ്രയ്‌ക്കതിരെ 56 പന്തിൽ 73 റൺസുമായി പുറത്താകാതെ നിന്നു. മുഷ്താഖ് അലി ട്രോഫിയിൽ ബറോഡ താരമായ ജിതേഷിന്റെ ഉയർന്ന സ്കോർ 41 ആണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |