
ഫോർമുല വൺ ലോകചാമ്പ്യനായി മക്‌ലാരൻ ടീമിന്റെ ഡ്രൈവർ ലാൻഡോ നോറിസ്
അബുദാബി : ഫോർമുല വൺ കാറോട്ടത്തിൽ പുതിയ ലോകചാമ്പ്യനായി മക്‌ലാരൻ ടീമിന്റെ ഡ്രൈവർ ലാൻഡോ നോറിസ്. തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുൾ ടീമിന്റ മാക്‌സ് വെസ്റ്റപ്പനെ ഓവർടേക്ക് ചെയ്താണ് നോറിസ് കന്നിക്കിരീടത്തിൽ മുത്തമിട്ടത്. അബുദാബിയിൽ നടന്ന സീസണിലെ അവസാന ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തതെങ്കിലും ആകെ പോയിന്റ് നിലയിൽ വെസ്റ്റപ്പനെ മറികടന്ന നോറിസിന്റെ കൈയിലേക്ക് കിരീടമെത്തുകയായിരുന്നു. അബുദാബിയിൽ വെസ്റ്റപ്പനാണ് ഒന്നാമതെത്തിയത്. നോറിസിന്റെ ആദ്യ ഫോർമുല വൺ കിരീടമാണിത്.
വെസ്റ്റപ്പനേക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തിയാണ് നോറിസിന്റെ നേട്ടം. എല്ലാ റേസുകളിൽ നിന്നുമായി നോറിസ് 423 പോയിന്റ് നേടിയപ്പോൾ വെസ്റ്റപ്പന് 421 പോയിന്റേ നേടാനായുള്ളൂ. 410 പോയിന്റ് നേടിയ മക്‌ലാരൻ ടീമിന്റെ ഓസ്കാർ പിയാസ്ട്രിക്കാണ് മൂന്നാം സ്ഥാനം. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മക്‌ലാരൻ ടീമിൽ നിന്ന് ഒരു ഡ്രൈവർ ലോക ചാമ്പ്യനാകുന്നത്. 2008-ൽ ലൂയിസ് ഹാമിൽട്ടണാണ് മക്‌ലാരനിൽ നിന്ന് അവസാനമായി കിരീടം നേടിയത്.
2019ലാണ് നോറിസ് മക്‌ലാരനൊപ്പം ഫോർമുല വൺ റേസിനിറങ്ങുന്നത്. 2020ൽ ഓസ്ട്രേലിയൻ ഗ്രാൻപ്രീയിലെ മൂന്നാം സ്ഥാനത്തോടെ ആദ്യ പോഡിയം ഫിനിഷ്. 2022, 23 സീസണുകളിൽ മക്‌ലാരന്റെ മുൻനിര ഡ്രൈവറായത് നോറിസാണ്. 2024ൽ ചാമ്പ്യൻഷിപ്പ് പോയിന്റ് നിലയിൽ വെസ്റ്റപ്പന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ഈ സീസണിൽ വെസ്റ്റപ്പനെ മറികടക്കുകയും ചെയ്തു.
ബ്രിട്ടനിലെ വൻ ധനികരിലൊരാളായ ആദം നോറിസിന്റെ മകനാണ് ലാൻഡോ. ചെറുപ്രായത്തിൽതന്നെ വാഹനപ്രിയനായിരുന്ന ലാൻഡോയെ പിതാവ് തന്നെ കാർട്ടിംഗിലേക്ക് തിരിച്ചുവിട്ടു. ജൂനിയർ റേസിംഗിൽ ചാമ്പ്യനായി ശ്രദ്ധനേടിയശേഷമാണ് മക്‌ലാരൻ ടീമിലേക്ക് എത്തുന്നത്.
കാറോട്ടത്തിലെ ബ്രിട്ടീഷ് പെരുമ
ഏറ്റവും കൂടുതൽ ഫോർമുല വൺ ചാമ്പ്യന്മാരെ സൃഷ്ടിച്ച രാജ്യമാണ് ബ്രിട്ടൻ. ഏഴുകിരീടങ്ങൾ നേടിയിട്ടുള്ള ലൂയിസ് ഹാമിൽട്ടൺ, മൂന്നു തവണ ജേതാവായ ജാക്കി സ്റ്റ്യുവർട്ട്, രണ്ടു വീതം ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള ജിം ക്ലാർക്ക്, ഗ്രഹാം ഹിൽ, നൈജൽ മാൻസൽ, ഡാമൺ ഹിൽ, ജൻസൻ ബട്ടൻ, മൈക്ക് ഹാവ്തോൺ, ജെയിംസ് ഹണ്ട്, ജോൺ സുർടീസ് തുടങ്ങിയവരുടെ പെരുമയുടെ പാരമ്പര്യത്തിലെ അവസാനകണ്ണിയാണ് ലാൻഡോ നോറിസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |