
ന്യൂഡൽഹി: സ്വാതന്ത്ര്യസമരകാലത്ത് മുസ്ളിംലീഗിനെ പ്രീണിപ്പിക്കാൻ ജവഹർലാൽ നെഹ്റു വന്ദേമാതരം ഗാനത്തിലെ പ്രധാന വരികൾ നീക്കം ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു ദേവതകളെ പ്രകീർത്തിക്കുന്ന ഭാഗം ഔദ്യോഗിക ചടങ്ങുകളിൽ നിന്നൊഴിവാക്കിയത് സൂചിപ്പിച്ചാണ് വിമർശനം. ലോക്‌സഭയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'1937 ഒക്ടോബർ 15ന് ലക്‌നൗവിൽ മുസ്ളിംലീഗ് നേതാവ് മുഹമ്മദ് അലി ജിന്ന വന്ദേമാതരത്തെ എതിർത്തപ്പോൾ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ ജവഹർലാൽ നെഹ്‌റു തന്റെ സിംഹാസനം ഇളകുമെന്ന് ഭയപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിനെഴുതിയ കത്തിൽ, ജിന്നയുടെ അഭിപ്രായങ്ങളെ പിന്തുണച്ച നെഹ്റു, ഗാനത്തിലെ പശ്ചാത്തലം മുസ്ലിങ്ങളെ പ്രകോപിപ്പിക്കുമെന്ന് പറഞ്ഞു. തുടർന്ന് കോൺഗ്രസ് പ്രവർത്തക സമിതി ഗാനത്തെ വിഭജിച്ചു. ഇതിന് ചരിത്രം സാക്ഷിയാണ്. പ്രീണന രാഷ്ട്രീയത്തിന്റെ സമ്മർദ്ദത്തിൽ, വന്ദേമാതരം കീറിമുറിച്ച കോൺഗ്രസിന് പിന്നീട് ഇന്ത്യയുടെ വിഭജനത്തിനും വഴങ്ങേണ്ടിവന്നു. കോൺഗ്രസ് ജോലി ഔട്ട്സോഴ്സ് ചെയ്തു. ഇന്നും അതുതുടരുന്നു. ഐ.എൻ.സി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ഇപ്പോൾ എം.എം.സി (മുസ്ളിം ലീഗ് മാവോവാദി കോൺഗ്രസ്) ആയി.
1905ൽ മഹാത്മാഗാന്ധി ദേശീയഗാനമായി കണ്ട, സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ 'വന്ദേമാതരം" കഴിഞ്ഞ നൂറ്റാണ്ടിൽ വലിയ അനീതി നേരിട്ടു. വന്ദേമാതരം 50-ാം വാർഷികം ആഘോഷിച്ചപ്പോൾ, രാജ്യം ബ്രിട്ടീഷ് ഭരണത്തിലായിരുന്നു, 100-ാം വാർഷികത്തിൽ അടിയന്തരാവസ്ഥയുടെ ചങ്ങലയിലും. ഇന്ത്യയ്ക്ക് സ്വാശ്രയത്വത്തിലേക്കുള്ള വഴി കാണിച്ചുതന്ന ഈ ഗാനം വിദേശ കമ്പനികളെ വെല്ലുവിളിക്കാനുള്ള മാർഗമായി. 2047ൽ വികസിത ഇന്ത്യയാകാനും ഗാനം ഊർജ്ജമാകണം"- മോദി പറഞ്ഞു.
ആരോപണങ്ങൾ പ്രതിരോധിച്ച കോൺഗ്രസ്. തൊഴിലില്ലായ്‌മയും വോട്ടുകൊള്ളയുമടക്കമാണ് സഭയിൽ ചർച്ച ചെയ്യേണ്ടതെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ ബി.ജെ.പി കുറ്റപ്പെടുത്തി.
മോദി പാർലമെന്റിലെ ചർച്ചകളിൽ നെഹ്റുവിന്റെ പേര് പരാമർശിക്കുന്നത് പതിവാണ്.
ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ 14 തവണയും ഭരണഘടനയുടെ 75-ാം വാർഷിക ചർച്ചയിൽ 10 തവണയും പേര് പറഞ്ഞു. ബി.ജെ.പിക്ക് നെഹ്റുവിന്റെ മഹത്തായ സംഭാവനകളെ ഇല്ലാതാക്കാനാകില്ല
-ഗൗരവ് ഗൊഗോയ്
കോൺ. നേതാവ്
ഒഴിവാക്കിയ വരികളുമായി വന്ദേമാതരം പാർലമെന്റ് അംഗീകരിച്ചത് ബി.ജെ.പി നേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ സാന്നിദ്ധ്യത്തിൽ. ഗാനത്തോടുള്ള കമ്മ്യൂണിസ്റ്റുകളുടെ എതിർപ്പ് പ്രധാനമന്ത്രി പരാമർശിച്ചില്ല. അടുത്ത വർഷം നടക്കുന്ന ബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടും പ്രധാനമന്ത്രിക്ക് സ്വയം ആളാകാനുമാണ് ചർച്ച സംഘടിപ്പിച്ചത്
- പ്രിയങ്ക ഗാന്ധി
കോൺ. നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |