മലപ്പുറം: കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്ന സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയിൽ ഉപഭോക്താക്കളുടെ എണ്ണം ഇരുപതിനായിരം കടന്നു. സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നുവെന്ന നിലയിലാണ് കെ-ഫോൺ ജനങ്ങളെ ആകർഷിക്കുന്നത്. സംസ്ഥാനത്ത് കെ-ഫോണിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ള ജില്ലയും മലപ്പുറമാണ്. ജില്ലയിൽ 20,571 കണക്ഷനുകൾ ഇതിനോടകം നൽകി. ഇതുവരെ 3,482 കിലോമീറ്റർ കേബിളുകളാണ് സ്ഥാപിച്ചത്. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ടവറുകളിലൂടെ 153.89 കിലോമീറ്റർ ഒ.പി.ജി.ഡബ്ള്യു കേബിളുകളും 3,328.66 കിലോമീറ്റർ എ.ഡി.എസ്.എസ് കേബിളുകൾ കെ.എസ്.ഇ.ബി പോസ്റ്റുകൾ വഴിയുമാണ് കേബിൾ സ്ഥാപിച്ചത്. ജില്ലയിൽ കളക്ടറേറ്റ് ഉൾപ്പടെയുള്ള 2,927 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ-ഫോൺ നെറ്റുവർക്കാണ് ഉപയോഗിക്കുന്നത്.
ജില്ലയിൽ ഇതിനോടകം ആകെ 3,663 ബി.പി.എൽ വീടുകളിൽ കെ-ഫോൺ കണക്ഷൻ നൽകി കഴിഞ്ഞു. 13,979 വാണിജ്യ കണക്ഷനുകളും നൽകിയിട്ടുണ്ട്. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 344 ലോക്കൽ നെറ്റുവർക്ക് ഓപ്പറേറ്റർമാർ ഇതിനായി കെ-ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കണക്ഷനുകൾക്ക് വേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി 15 കണക്ഷനുകളും ജില്ലയിൽ നൽകി.
പുതിയ കണക്ഷനെടുക്കാം
പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ-ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ-ഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെ-ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ- ഫോൺ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ൽ സന്ദർശിക്കുകയോ 9061604466 എന്ന വാട്സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെ-ഫോൺ പ്ലാനുകൾ അറിയാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |