ആലത്തൂർ: ഒന്നാംവിള കൊയ്ത്ത് ആരംഭിച്ച് മാസം ഒന്നുകഴിഞ്ഞിട്ടും നെല്ലുസംഭരണത്തിന് നടപടിയായില്ല. പകുതിയിലധികം സ്ഥലത്ത് കൊയ്ത്തും കഴിഞ്ഞു. എന്നിട്ടും നെല്ലെടുപ്പ് ആരംഭിച്ചിട്ടില്ല. വിലയും പ്രഖ്യാപിച്ചിട്ടില്ല. നെല്ലെടുപ്പു മനഃപൂർവം വൈകിപ്പിക്കുന്നത് വഴി സംഭരണവില വർദ്ധനയെന്ന ആവശ്യത്തെ പ്രതിരോധിക്കാനാണ് സർക്കാർ നീക്കമെന്നാണു കർഷകരുടെ ആശങ്ക.
കൊയ്ത്തിനു പാകമായ നെല്ല് കാറ്റിലും മഴയിലും വീണുപോകുന്നുണ്ട്. മഴ തുടർന്നാൽ കൂടുതൽ നെല്ല് വീണുപോകും. മഴയിൽ വീഴുന്ന നെല്ല് രണ്ടോ മൂന്നോ ദിവസം വെള്ളത്തിൽ കിടന്നാൽ മുളച്ച് നശിക്കും. കണ്ടത്തിൽ വെള്ളം കൂടിയാൽ കൊയ്ത്തുയന്ത്രം ഇറക്കാനുമാകില്ല.
കൊയ്ത നെല്ല് ഉണക്കാനും സൂക്ഷിക്കാനും സൗകര്യമില്ലാത്ത കർഷകർ സപ്ലൈകോ സംഭരണം തുടങ്ങുന്നതുവരെ കാത്തിരിക്കാതെ നെല്ല് കിട്ടുന്ന വിലയ്ക്ക് പുറത്തു വിൽക്കാൻ നിർബന്ധിതരാകുകയാണ്. താങ്ങുവിലയെക്കാൾ ആറുരൂപവരെ കുറവാണ് നെല്ലുവില. സപ്ലൈകോ സംഭരണവില ഉയർത്തിയാൽ നഷ്ടം പിന്നെയും കൂടും. നനവുള്ള നെല്ലാണെങ്കിൽ ഓരോ ചാക്കിലും ഒരു കിലോവരെ തൂക്കം കുറവുചെയ്താണ് ഏജന്റുമാർ നെല്ലെടുക്കുന്നത്. കഴിഞ്ഞ വർഷം അമ്പതോളം മില്ലുടമകൾ സംഭരണരംഗത്ത് ഉണ്ടായിരുന്നു. ഇത്തവണ ആരും സപ്ലൈകോയുമായി കരാർ ഒപ്പുവെച്ചിട്ടില്ല. സപ്ലൈകോ ഫീൽഡ് ജീവനക്കാരുടെ കരാർ നിയമനത്തിന് നടപടിയായി. കേന്ദ്ര സഹകരണ സംഘവും സംസ്ഥാന സഹകരണ കൺസോർഷ്യവും നെല്ലുസംഭരണത്തിൽ ഇടപെടുന്നതിലും തീരുമാനമായില്ല.
താങ്ങുവില വർദ്ധനവുണ്ടാകുമോ?
സംസ്ഥാനത്ത് നിലവിൽ കിലോയ്ക്ക് 28.20 രൂപയ്ക്കാണു നെല്ലെടുത്തുകൊണ്ടിരിക്കുന്നതെന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ പ്രഖ്യാപനം. ഇതിൽ തന്നെ വില വർദ്ധിപ്പിക്കില്ലെന്ന ആശങ്ക കൃഷിക്കാർ ഉന്നയിക്കുന്നു. കഴിഞ്ഞ സീസണിൽ 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ലെടുത്തത്. ഇതിൽ 23 രൂപ കേന്ദ്ര വിഹിതവും 5.20 രൂപ സംസ്ഥാന വിഹിതവുമാണ്. പുറമെ കൈകാര്യച്ചെലവ് ഇനത്തിൽ കിലോയ്ക്ക് 12 പൈസയും നൽകുന്നുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 69 പൈസ വർധിപ്പിച്ച് 23.69 രൂപയാക്കി. എന്നിട്ടും ഇതുവരെ സംസ്ഥാനം നെല്ലുവില പ്രഖ്യാപനം നടത്തിയിട്ടില്ല. സംസ്ഥാനത്ത് ഇത്തവണയും 28.20 രൂപ നിരക്കിലാണു നെല്ലെടുക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം കിലോയ്ക്ക് 4.51 രൂപയായി കുറയും. അതല്ല കേന്ദ്രവർധന അതേ പടി സംസ്ഥാനത്തു കൂട്ടി നൽകിയാൽ 28.89 രൂപയാകും. പുറമെ കൈകാര്യച്ചെലവ് ഇനത്തിൽ 12 പൈസയും ലഭിക്കും. അപ്പോഴും സംസ്ഥാന സർക്കാർ വിഹിതം 5.20 രൂപയായി തുടരും. കേന്ദ്രത്തോടൊപ്പം സംസ്ഥാനം സ്വന്തം വിഹിതം കൂട്ടിയാൽ ഇതിലധികം തുക കൃഷിക്കാർക്കു ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |