മലപ്പുറം: ജില്ലയിൽ ഇക്കോ ബാങ്ക് വഴി ഒന്നര മാസത്തിനിടെ സ്വീകരിച്ചത് 17 കിലോ അജൈവ മാലിന്യം മാത്രം. ഒന്നര മാസം മുമ്പാണ് പദ്ധതി ആരംഭിച്ചത്. മാലിന്യ സംസ്‌ക്കരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയാണ് ഇക്കോ ബാങ്ക് ആരംഭിച്ചത്. അജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണത്തിന് ചെറിയ തുക ഈടാക്കുന്നതിനാൽ പലരും പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിക്കാത്ത സ്ഥിതിയാണ്. മാത്രമല്ല, ജില്ലയിൽ ഫ്ളാറ്റ് സംസ്‌ക്കാരം ഇല്ലാത്തതിനാലും ടൂറിസം മേഖല കുറവായതിനാലും അജൈവ മാലിന്യങ്ങളുടെ അളവ് കുറയാൻ കാരണമാണെന്നും ക്ലീൻ കേരള അധികൃതർ പറയുന്നു. ജില്ലയിൽ കുറവ പഞ്ചായത്തിലെ പൊരുന്നുമ്മലിലാണ് ഇക്കോ ബാങ്ക് പ്രവർത്തിക്കുന്നത്.
വീടുകൾ, സ്ഥാപനങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ, ആഘോഷ സ്ഥലങ്ങൾ തുടങ്ങി എവിടെയുമുണ്ടാകുന്ന അജൈവ മാലിന്യം ഇക്കോ ബാങ്കിൽ നൽകാൻ സാധിക്കും. വീടുകളിൽ നിന്ന് അജൈവ മാലിന്യം എല്ലായ്‌പ്പോഴും സ്വീകരിക്കില്ലെന്നിരിക്കെ തിങ്കൾ മുതൽ വെള്ളി വരെ അജൈവ മാലിന്യം ഇക്കോ ബാങ്കിൽ സ്വീകരിക്കും. ശേഖരിക്കുന്നവയിൽ പുനചംക്രമണം ചെയ്യാൻ കഴിയുന്നവയ്ക്ക് പണം നൽകും. അല്ലാത്തവ സംസ്‌ക്കരിക്കാൻ ചെറിയ തുക ഈടാക്കും. ഭക്ഷണാവശിഷ്ടം, മെഡിക്കൽ മാലിന്യം, സാനിറ്ററി മാലിന്യം, അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ ഒഴികെ ഉള്ളവയെല്ലാം സ്വീകിരിക്കും. കൂടുതൽ അളവ് അജൈവ മാലന്യങ്ങളെത്തിയാൽ ജില്ലയിൽ ഇക്കോ ബാങ്കുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് പദ്ധതി.
ജില്ലയിൽ ഭക്ഷ്യ-ബയോ മാലിന്യങ്ങളാണ് കൂടുതലായുള്ളത്. മാത്രമല്ല, ഹരിത കർമ്മ സേനാംഗങ്ങൾ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നതും അജൈവ മാലിന്യങ്ങളുടെ എണ്ണത്തിലെ കുറവിന് കാരണമാകുന്നു.
വരുൺ ശങ്കർ, ക്ലീൻ കേരള മലപ്പുറം ജില്ലാ മാനേജർ
ആകെ അജൈവ മാലിന്യം - 17 കിലോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |