SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

നന്നമ്പ്രയിൽ ലീഗുമായി ഇടഞ്ഞു: കോൺഗ്രസ് തനിച്ച് മത്സരിച്ചേക്കും

Increase Font Size Decrease Font Size Print Page

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നന്നമ്പ്രയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കും. അസ്വാരസ്യങ്ങളെ തുടർന്ന് ജില്ലാ നേതൃത്വം ഇടപെട്ട് മലപ്പുറത്ത് നടന്ന ചർച്ചയിലും ധാരണയിലെത്താനായില്ല. കഴിഞ്ഞ തവണ 21 സീറ്റിൽ 13 സീറ്റാണ് ലീഗിനുണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം വെൽഫെയർ പാർട്ടിക്ക് വിട്ടുകൊടുത്തു. 1 കോൺഗ്രസ് 7 സീറ്റിൽ മത്സരിച്ചിരുന്നു. ഒരു വാർഡിൽ കോൺഗ്രസും ലീഗും സംയുക്തമായി സ്ഥാനാർത്ഥിയെ നിറുത്തി. ഇത്തവണ മൂന്ന് വാർഡ് വർദ്ധിച്ചു. യു.ഡി.എഫ് ചർച്ച ആരംഭിക്കും മുമ്പേ വെൽഫെയർ പാർട്ടിക്ക് ലീഗ് രണ്ട് വാർഡുകൾ നൽകി. 18, 20 വാർഡുകളാണ് നൽകിയത്. യു.ഡി.എഫ് സമിതിയിലെ കോൺഗ്രസ് പ്രതിനിധികളുടെ തമ്മിലടി കാരണം സീറ്റ് വിഭജന ചർച്ച നടന്നില്ല. പിന്നീട് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമായതോടെ ചർച്ച പുനരാരംഭിച്ചെങ്കിലും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ 19ാം വാർഡ് ലീഗിന് വിട്ട് കിട്ടണമെന്ന വാശി ചർച്ചകൾക്ക് വഴിമുടക്കായി. ഒടുവിൽ വർദ്ധിച്ച മൂന്ന് സീറ്റിൽ ഒന്നും തരില്ലെന്നും ഏഴ് സീറ്റ് മാത്രമേ നൽകാനാവൂ എന്നും ലീഗ് നിലപാടെടുത്തു. ഇതോടെ ഒന്നാം വാർഡ് വിട്ട് കിട്ടണമെന്നും ചെറുമുക്കിലെ ആറാം വാർഡിൽ സംയുക്ത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് തള്ളപ്പെട്ടതോടെ പത്തോളം സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

കോൺഗ്രസിനെതിരായ കനത്ത നിലപാട് മുസ്ലിം ലീഗിനകത്തും അതൃപ്തി പടർത്തിയിട്ടുണ്ട്. യു.ഡി.എഫ് ഇല്ലാതായാൽ തെയ്യാല, പാണ്ടിമുറ്റം ,വെള്ളിയാമ്പുറം, നന്നമ്പ്ര മേഖലയിലെ ലീഗ് സ്ഥാനാർഥികൾ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ടത്രേ,​ വാർഡ് ഭാരവാഹികളും രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം.
ലീഗിലെ ഗ്രൂപ്പിസമാണ് യു.ഡി എഫ് ബന്ധം തകരാൻ കാരണമായതെന്നാണ് ആരോപണം. ഇതേ ചൊല്ലി ലീഗിൽ ചേരിതിരിവുണ്ടായിട്ടുണ്ട്.

കോൺഗ്രസിനെ അനുനയിപ്പിക്കാൻ അണിയറയിൽ ശ്രമം തുടരുന്നുണ്ട് .

ഭിന്നത തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിനും തിരിച്ചടി നേരിട്ടേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊന്മുണ്ടത്തും ലീഗ് - കോൺഗ്രസ് ബന്ധം തകർച്ചയിലാണെന്നിരിക്കേ നന്നമ്പ്രയിൽ കൂടി സ്ഥിതിഗതിയിൽ മോശമാവാതിരിക്കാൻ നേതൃത്വം മുൻകൈയെടുക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്.

ഇതിനിടെ,​ നന്നമ്പ്രയിൽ പഞ്ചായത്തിന്റെ ഭരണ പരാജയങ്ങൾക്കെതിരെ കോൺഗ്രസ്സ് തന്നെരംഗത്തിറങ്ങുമെന്നും സൂചനയാണ്.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY