തിരൂർ: എൽ.ഡി.എഫ് വരട്ടെ, തിരൂർ മാറട്ടെ, തീരാ ദുരിതം തീരട്ടെ... എന്ന മുദ്രാവാക്യവുമായി തിരൂർ നഗരസഭയിൽ വികസന പ്രകടന പത്രികയുമായി എൽ.ഡി.എഫ്. 120ഓളം പദ്ധതികളാണ് പത്രികയിലുൾപ്പെടുത്തിയിരിക്കുന്നത്.
നഗരസഭ ആസ്തികളിൽപ്പെട്ട എല്ലാ റോഡുകളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നവീകരിക്കും. പ്രധാന ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് മേൽപ്പാലങ്ങളും അണ്ടർ പാസ്റ്റേജുകളും നിർമ്മിക്കും. കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ബസ് സ്റ്റാൻഡ് സ്ഥാപിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തും. തിരൂരിന്റെ സാമൂഹ്യ ചരിത്ര പഠനം സാദ്ധ്യമാക്കാൻ യൂണിസെഫ് സഹായത്തോടെ പദ്ധതി നടപ്പാക്കും.
തിരൂർ മുനിസിപ്പൽ സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയർത്തും. ക്രിക്കറ്റ് കോർട്ട്, ഇൻഡോർ സ്റ്റേഡിയങ്ങൾ, കായിക പരിശീലന കേന്ദ്രo, നീന്തൽ കുളങ്ങൾ, ഓപ്പൺ ജിമ്മുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവ നിർമ്മിക്കും.
നഗരസഭയിൽ ആധുനിക കൃഷിഭവൻ കെട്ടിടം നിർമ്മിക്കും. തരിശായി കിടക്കുന്ന കൃഷിയിടങ്ങളിൽ അനുയോജ്യമായ കൃഷികൾ പ്രോത്സാഹിപ്പിക്കും. ഉത്പന്ന വിതരണത്തിന് റീട്ടെയിൽ ഔട്ട് ലെറ്റുകൾ സ്ഥാപിക്കും.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പ് ക്യൂആർ കോഡ്, ജൈവ മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കും. നഗരസഭയ്ക്ക് സ്വന്തമായുള്ള തൂമ്പൂർ മുഴി മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഫ്രണ്ട് ഗ്രൗണ്ട് ശുചീകരിച്ച് ബ്രഹ്മപുരം പദ്ധതി മോഡൽ ആവിഷ്കരിക്കും.
നഗരസഭയ്ക്കകത്തെ ജലസ്രോതസ്സുകൾ കണ്ടെത്തി നവീകരിക്കും,.വീടുകളിൽ മഴവെള്ള സംഭരണികൾ സ്ഥാപിക്കാൻ സഹായം നൽകും. പൊതു ഇടങ്ങളിൽ വാട്ടർ എ.ടി.എം സ്ഥാപിക്കും.
നഗരത്തിലെ തെരുവ് വിളക്കുകൾ സോളാർ സംവിധാനത്തിലേക്ക് മാറ്റും. റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.
പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിലവിലുള്ള സബ് സെന്ററുകൾ പി. എച്ച്.സികളാക്കും. നഗരസഭ ഹെൽത്ത് സെന്ററിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും,
മൃഗാശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും, തെരുവ് നായകളുടെ ശല്യം ഒഴിവാക്കാൻ എബിസി പദ്ധതി കുറ്റമുറ്റതാക്കി നടപ്പിലാക്കും.
മത്സ്യ മാർക്കറ്റ് നവീകരിക്കും. മത്സ്യ വ്യാപാരത്തിന് പ്രത്യേക സംവിധാനവും സ്ഥലവും കണ്ടെത്തും. ശുദ്ധജല മത്സ്യകൃഷി, കൂട് കരിമീൻ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ യൂണിറ്റുകളുടെ അഭിമുഖത്തിൽ മത്സ്യകൃഷി വിപുലീകരിക്കും.വളർത്തു മത്സ്യങ്ങളുടെ വിപണനത്തിന് പ്രത്യേക ഔട്ട്ലെറ്റുകൾ സ്ഥാപിക്കും.
പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും സ്മാർട്ടപ്പ് പദ്ധതികളും ഉപരിപഠനത്തിന് സ്കോളർഷിപ്പും നടപ്പാക്കും
യുവാക്കളെ സ്വയംതൊഴിൽ സംരംഭങ്ങളിൽ വ്യാപൃതരാക്കും. തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.
തിരൂരിലെ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയ്ക്ക് രൂപം നൽകി സംഗീതം, വാദ്യകല എന്നീ മേഖലകളിൽ സൗജന്യ പരിശീലനം നൽകും. നാട്ടുത്സവങ്ങൾ, നാടൻ കലകൾ, നാടകം, ചലച്ചിത്ര പഠന ക്യാമ്പുകൾ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിക്കും.
ഹെറിറ്റേജ് ടൂറിസം , വിനോദ പഠനയാത്രകൾ എന്നിവയ്ക്കായുള്ള പദ്ധതികൾ നടപ്പാക്കും. സ്വപ്നനഗരി എക്കോ ടൂറിസം പദ്ധതി പുനരാവിഷ്കരിക്കും.
സൗജന്യ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കും, എല്ലാ വാർഡുകളിലും നഗരസഭ പിന്തുണയോടെ സ്റ്റാർട്ടപ്പുകൾ രൂപീകരിക്കും. തിരൂരിന് ഐ.ടി ഹബ് ആക്കി മാറ്റും.
നിലവിലുള്ള മാർക്കറ്റ് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കും. ഗൾഫ് മാർക്കറ്റ് കേന്ദ്രീകരിച്ച് നെറ്റ് മാർക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കും.
വനിതാ വായനശാലകൾ സ്ഥാപിക്കും. സ്ത്രീകൾക്ക് തൊഴിൽ നൈപുണ്യത്തിന് പ്രത്യേക പരിശീലനം നൽകും. വനിതാ ഷെൽട്ടർ ആരംഭിച്ച് ദീർഘദൂര യാത്രക്കാരായ സ്ത്രീകൾക്ക് വിശ്രമവും ഭക്ഷണവും ഒരുക്കുന്ന കേന്ദ്ര സ്ഥാപിക്കും. ഫുഡ് പ്രോസസിംഗ് പരിശീലനം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
തിരൂരിനെ കേരളത്തിലെ ആദ്യ പ്രവാസി സൗഹൃദ നഗരമാക്കും. പ്രവാസി കുടുംബങ്ങളുടെ ഡാറ്റ ശേഖരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും,
കുടുംബശ്രീ മുഖേന നവീന പദ്ധതികളും സംരംഭങ്ങളും, പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ കുടുംബശ്രീ ഔട്ട്ലെറ്റുകൾ, വിശപ്പ് രഹിത തിരൂർ എന്നിവയും നടപ്പിലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |