മലപ്പുറം: നാലര പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്ലാമിയുടെ തോളിൽ കൈയ്യിട്ട് നടന്നവർ ഇപ്പോൾ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വിമർശിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1977ൽ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ നിലപാട് സ്വീകരിച്ചത് മുതൽ 2019 വരെ 42 വർഷം അവർ സി.പി.എമ്മിന് ഒപ്പമായിരുന്നു. എന്നിട്ടാണ് ഒരുകാലത്തും ബന്ധമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. 1996 ഏപ്രിൽ 22ന് ദേശാഭിമാനിയുടെ എഡിറ്റോറിയലിൽ ജമാഅത്തിന്റെ പിന്തുണ ശ്രദ്ധേയമെന്നാണ് വിശേഷിപ്പിച്ചത്. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് പിണറായിയും സി.പി.എം നേതാക്കളും എത്രയോ തവണ സന്ദർശിച്ചിട്ടുണ്ട്. ജമാഅത്തുമായി നടത്തിയത് രഹസ്യ ചർച്ചയല്ലെന്ന് പിണറായി പറഞ്ഞ വാർത്തയും പൊതുജനമദ്ധ്യത്തിലുണ്ട്. കോൺഗ്രസിന് സാമ്രാജ്യത്വ ബന്ധമുണ്ടെന്നാരോപിച്ച് ജമാഅത്ത് ഇസ്ലാമി എൽ.ഡി.എഫിന് പിന്തുണ നൽകിയെന്ന വാർത്ത വന്നതും ദേശാഭിമാനിയിലാണ്. ഇതെല്ലാം കേരളം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓർക്കണം. വെൽഫെയർ പാർട്ടി പിന്തുണ 2019 മുതൽ യു.ഡി.എഫ് സ്വീകരിച്ചിട്ടുണ്ട്. അവർ യു.ഡി.എഫിലെ ഘടകകക്ഷിയോ അസോസിയേറ്റ് അംഗമോ അല്ല. പ്രദേശികമായി ചിലയിടങ്ങളിൽ നീക്കുപോക്കുകളുണ്ടായിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
എ.കെ.ജി സെന്ററിലേതു പോലെ കെ.പി.സി.സി ഓഫീസിൽ പരാതികൾ പൊതിഞ്ഞുവയ്ക്കാറില്ല. പരാതി ലഭിച്ച് 24 മണിക്കൂറിനകം ആരോപണ വിധേയനെ പാർട്ടി പുറത്താക്കി. ലൈംഗികാരോപണം നേരിടുന്ന എത്രയോ മന്ത്രിമാർ പിണറായിയുടെ മന്ത്രിസഭയിലുണ്ട്. അവരെയെല്ലാം ചേർത്തുപിടിച്ച പിണറായി വിജയനാണ് കോൺഗ്രസിനെ വിമർശിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം വൈകിപ്പിക്കാൻ എസ്.ഐ.ടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വലിയ സമ്മർദ്ദമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ ആരാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് പത്മകുമാറിന്റെ മൊഴിയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ പ്രതിപക്ഷത്തിന്റെ കൈയിലുണ്ട്. ഗുരുവായൂരിലെ തിരുവാഭാരണ മോഷണത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞത് വിഡ്ഢിത്തമാണ്. മേൽശാന്തിയെ കുടുക്കാനാണ് ശ്രമിച്ചത്. സാധാരണ കള്ളന്മാരാണ് മോഷ്ടിച്ചത്. മണികിണർ വൃത്തിയാക്കുന്നതിനിടെ തിരുവാഭരണം തിരിച്ചുകിട്ടി. ഇതിന്റെ പേരിൽ കെ.കരുണാകരൻ തിരുവാഭരണം മോഷ്ടിച്ചെന്ന് സി.പി.എം പ്രചരിപ്പിച്ചെന്നും വി.ഡി.സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |