SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.38 PM IST

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ സമയപരിധി നീട്ടിയത് എല്ലാ വഖ്ഫ് സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണം: മന്ത്രി വി. അബ്ദുറഹിമാൻ

Increase Font Size Decrease Font Size Print Page

മലപ്പുറം: സംസ്ഥാനത്തെ വഖഫ് സ്വത്തുകൾ, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെൻട്രൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസത്തേക്ക് കൂടി നീട്ടി നൽകിയതായും ഈ അവസരം മുഴുവൻ വഖഫ് സ്ഥാപനങ്ങളും മുതവല്ലിമാരും നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വി.അബ്ദുറഹിമാൻ അഭ്യർത്ഥിച്ചു. ഉമീദ് പോർട്ടലിൽ വഖ്ഫുകൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 6ന് അവസാനിച്ചതിനെത്തുടർന്ന് പലർക്കും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന വഖ്ഫ് വകുപ്പും വഖ്ഫ് ബോർഡും ഇടപെടൽ നടത്തിയാണ് വഖഫ് ട്രൈബ്യൂണലിനെ സമീപിച്ച് സമയം നീട്ടി വാങ്ങിയത്.

സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിപ്പോൾ സമയപരിധി നീട്ടിക്കിട്ടാൻ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാനായിരുന്നു നിർദേശം. നിലവിൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. അഞ്ചുമാസം സമയമുണ്ടെങ്കിലും വഖഫ് മുത്തവല്ലിമാർ മൂന്ന് മാസത്തിനകം തന്നെ പോർട്ടലിൽ വഖഫ് സ്വത്ത് വിവരങ്ങളും രേഖകളും ചേർക്കാൻ ശ്രമിക്കണമെന്നും ബാക്കി രണ്ടുമാസം രേഖകൾ പരിശോധിച്ച് ബോർഡിന് അംഗീകാര നടപടികൾ പൂർത്തീകരിക്കാൻ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ബോർഡിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്ഥാപനങ്ങൾക്കും ന്യൂ വഖഫ് ഓപ്ഷൻ വഴി പോർട്ടലിൽ അപേക്ഷിക്കാൻ കഴിയും. ഇതിനായി എല്ലാ വഖഫ് ബോർഡ് ഡിവിഷൻ ഓഫിസുകളിലും ആരംഭിക്കുന്ന ഹെൽപ് ഡെസ്‌കുകൾ വഖഫ് മുതവല്ലിമാർ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY