പൊന്നാനി : പരമ്പരാഗത തുറമുഖ നഗരമായിട്ടും ടൂറിസം ഭൂപടത്തിൽ പൊന്നാനി ബീച്ചിനെ വേണ്ട വിധം ഉപയോഗപ്പെടുത്താനാവാതെ അധികൃതർ. വിസ്തൃതമായ മണൽപരപ്പും മനോഹരമായ തീരവും പൊന്നാനി ബീച്ചിനെ സവിശേഷമാക്കുന്നു. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്ന അഴിമുഖത്ത് സായാഹ്നങ്ങളിൽ കടൽക്കാഴ്ചകൾ കാണാനും കടൽക്കാറ്റ് ആസ്വദിക്കാനും സൊറ പറഞ്ഞിരിക്കാനും നിരവധി പേർ നിത്യമെത്തുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഒരുപരിധി വരെ സഞ്ചാരികളെ അകറ്റുന്നു.
നിലവിൽ കർമ്മ റോഡ് കേന്ദ്രീകരിച്ചും ബിയ്യം കായൽ കേന്ദ്രീകരിച്ചുമുള്ള ടൂറിസം പ്രവർത്തനങ്ങൾക്കൊപ്പം പൊന്നാനി ബീച്ചിനെ കൂടി പരിഗണിച്ചാൽ അത് പൊന്നാനിയുടെ ടൂറിസം വികസനത്തിൽ വലിയ നാഴികക്കല്ലാവും. ബീച്ചിലേക്കുള്ള റോഡിന്റെ വീതിക്കുറവാണ് ചമ്രവട്ടം ജംഗ്ഷൻ വഴി വരുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി. പൊന്നാനി അങ്ങാടിയിലെ ഇടുങ്ങിയ വഴിയും വീതികുറഞ്ഞ അങ്ങാടിപാലവുമാണ് ഇങ്ങോട്ടേക്കെത്താനുള്ള വഴികൾ. ഇതിനൊരു പരിഹാരം അനിവാര്യമാണ്.
ബീച്ചിനടത്തുള്ള നവീകരിച്ച ലൈറ്റ്ഹൗസ് കാണാനെത്തുന്നവരെ വലയ്ക്കുന്നത് വാഹന പാർക്കിംഗിനുള്ള അസൗകര്യമാണ്. കഫെറ്റേരിയ പോലെയുള്ള സംവിധാനങ്ങളുമില്ല. ടോയ്ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്. സഞ്ചാരികളുടെ സുരക്ഷയ്ക്ക് വേണ്ട ജീവനക്കാരും ഇവിടെയില്ല.ഇവപരിഹരിക്കാനായാൽ ഒരു പരിധിവരെ ടൂറിസം മേഖലയിൽ ബീച്ചിന്റെ പ്രസക്തി വർദ്ധിക്കും. നിലവിൽ പൊന്നാനി ഭാഗത്തുള്ളവർ കൂടുതലും ആശ്രയിക്കുന്നത് ചാവക്കാട് ബീച്ചിനെയാണ്.
ഇരിപ്പിടങ്ങളും തണൽമരങ്ങളുമൊരുക്കി ബീച്ചിനെ കൂടുതൽ ആകർഷകമാക്കണമെന്ന് നാട്ടുകാർ പറയുന്നു.
കർമ്മ റോഡ് പരിസരത്തേക്കും ദിവസവും നിരവധി പേരെത്തുന്നുണ്ട് . വാട്ടർ സ്കൂട്ടറുകളും സ്പീഡ് ബോട്ട് സംവിധാനങ്ങളും ഒരുക്കാനുള്ള സാഹചര്യം ഇവിടെയുണ്ട്.
നിലവിൽ മാലിന്യം മൂടിക്കിടക്കുകയാണ് ബീച്ച് പരിസരം. ഇവിടം വൃത്തിയാക്കി സഞ്ചാരികളെ ആകർഷിക്കാനാവണം.
അങ്ങാടി പരിസരത്ത് നിലകൊള്ളുന്ന പല പഴയ കെട്ടിടങ്ങളും മട്ടാഞ്ചേരി മാതൃകയിൽ സംരക്ഷിച്ചു നവീകരിച്ചാൽ അതും ബീച്ച് ടൂറിസത്തിന് മുതൽക്കൂട്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |