
കാളികാവ്: നേന്ത്രക്കുല വില കുത്തനെ ഇടിഞ്ഞു. ഒരു വർഷത്തോളമായി നിലനിന്ന മെച്ചപ്പെട്ട വില ഏതാനും ആഴ്ചകൾക്കുള്ളിലാണ് കുത്തനെയിടിഞ്ഞത്. കിലോയ്ക്ക് 60 രൂപ ലഭിച്ചിരുന്ന പച്ചക്കായയുടെ ഇപ്പോഴത്തെ വില 18-20 രൂപയാണ്. പഴുത്തത് കിലോയ്ക്ക് 30-35 രൂപയ്ക്ക് കടകളിൽ നിന്ന് ലഭിക്കും. നാലുകിലോ വാങ്ങിയാൽ 100 രൂപയ്ക്ക് ലഭിക്കും.മുന്തിയ വില ലഭിക്കുന്ന സാഹചര്യത്തിൽ റംസാൻ സീസൺ ലക്ഷ്യമാക്കി കർഷകർ വൻതോതിൽ കൃഷിയിറക്കിയിരുന്നു. എന്നാൽ വില ദിനംപ്രതി താഴുന്നതിൽ കടുത്ത നിരാശയിലാണ് കർഷകർ.
അന്യ സംസ്ഥാന ലോബിയാണ് വിലകുറയ്ക്കുന്നതിന്റെ പിന്നിലെന്നാണ് ആരോപണം. കൂടിയ തോതിൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഴക്കുലകളാണ് കേരളത്തിൽ വില കുറയാൻ ഇടയാക്കുന്നത്. മോഹവിലയിൽ പ്രതീക്ഷ അർപ്പിച്ച് ബാങ്കുകളിൽ നിന്ന് ലോണെടുത്തും മറ്റുമാർഗ്ഗങ്ങളിൽ നിന്നും പണം കണ്ടെത്തിയുമാണ് കർഷകർ കൃഷിയിറക്കിയത്.
അതിനിടെ ഒരു മാസത്തിനിടെ കാറ്റും മഴയും മലയോര മേഖലയിൽ വാഴകൃഷിക്ക് കനത്ത നഷ്ടമുണ്ടാക്കി. ചിലയിടങ്ങളിൽ നേന്ത്രക്കുലകൾക്ക് കറുത്ത കുത്തുകൾ രൂപപ്പെടുകയും കുല രണ്ടാം നിരയിലേക്ക് തള്ളപ്പെടുകയും ചെയ്തു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വാഴക്കുല വ്യാപാരികൾ മൂന്നു തരമാക്കി തിരിച്ചാണ് കർഷകരിൽ നിന്ന് തൂക്കിയെടുക്കുന്നത്. സീസൺ ലക്ഷ്യമാക്കി അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇനിയും ധാരാളം വാഴക്കുലകൾ എത്തുമെന്നാണ് നിഗമനം.ഇതോടെ സംസ്ഥാനത്ത് ഇനിയും വിലയിടിവുണ്ടാവാം.സംസ്ഥാനത്ത് നേന്ത്രക്കുലയ്ക്ക് 40 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഇനിയും ഇടിഞ്ഞേക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |