മഴ നേരത്തെ: ശുചീകരണ പ്രവൃത്തികൾ തുടങ്ങിയില്ല പ്രത്യക്ഷപ്പെട്ട് മഞ്ഞപ്പിത്തവും ഡങ്കിയും

Monday 18 May 2026 12:49 AM IST

കാളികാവ്: മഴ ഇക്കുറി നേരത്തെയെത്തി. മലയോരത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തി തുടങ്ങും മുമ്പാണ് മഴയെത്തിയത്. അങ്ങാടികളിലും പാതയോരങ്ങളിലും മാലിന്യങ്ങൾ നീക്കുന്നതിനുള്ള സംഘടിത പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.

അതിനിടെ കാളികാവ് അടക്കാക്കുണ്ട് പാറശ്ശേരിയിൽ ഒരാൾക്ക് ഡെങ്കിയും പൂങ്ങോട് ഭാഗത്ത് രണ്ടു പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ വർഷവും ഈ ഭാഗങ്ങളിലാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്തിരുന്നത്.

ഒരാഴ്ചയായി മലയോരമേഖലയിൽ വിവിധയിടങ്ങളിൽ എല്ലാ ദിവസവും മഴ പെയ്യുന്നുണ്ട്. പുഴകളിൽ നീരൊഴുക്കും തുടങ്ങിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ സമിതികളുണ്ടാക്കി എന്നല്ലാതെ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല .

കഴിഞ്ഞമാസം 28നാണ് മഴക്കാല പൂർവ്വ ശുചീകരണത്തിനുള്ള കൂടിയാലോചന നടന്നത്.ശേഷം ക്രിയാത്മക നീക്കങ്ങളുണ്ടായിട്ടില്ല.

തിരഞ്ഞെടുപ്പ് ബഹളത്തിൽപ്പെട്ട സന്നദ്ധ സംഘടനകളെ രംഗത്തേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ല.

മഴ തുടർന്നാൽ എല്ലാ മാലിന്യങ്ങളും ജലാശയങ്ങളിൽ കലരാനിടയാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് സ്വന്തം നിലയിൽ ശുചീകരണം നടത്തിയിട്ടുള്ളത്.

അങ്ങാടികളിലെ ഓടകളിലെ മാലിന്യങ്ങൾ അതേ പടി തുടരുകയാണ്.

വാർഡ് സമിതികളായെങ്കിലും പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല.

തോട്ടം മേഖലയിൽ പാലിക്കേണ്ട മുൻ കരുതലുകൾ ഒന്നും സ്വീകരിച്ചിട്ടില്ല.

മഴ ശക്തമായാൽ പിന്നീട് യാതൊരു ശുചീകരണ പ്രവൃത്തികളും നടത്താനും കഴിയില്ല.

ഈ മാസം 25-ഓടെ കാല വർഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ നിഗമനം. കാലവർഷം നേരത്തെയാവുകയും ശുചീകരണം മുടങ്ങുകയും ചെയ്താൽ ഡങ്കി, മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ നിയന്ത്രണാധീതമാകുമെന്ന ആശങ്കയിലാണ് മലയോരം.

പകർച്ചവ്യാധി വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും വ്യാപാര സാമൂഹ്യ സംഘടനകൾ സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശുചീകരണ പരിപാടി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും

ടി. കെ പ്രതിഷ് ബാബു,​ ഹെൽത്ത് ഇൻപെക്ടർ